ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കുറിനിടെ പൊലീസ് നടത്തിയത് 15 എറ്റുമുട്ടലുകള്‍. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും 24 കുറ്റവാളികളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. മുസാഫര്‍നഗര്‍, ഗോരഖ്പൂര്‍, ബുലാന്ദഷര്‍, ഷാമിലി, ഹാപുര്‍, മീറത്ത്, ഷരാന്‍പുര്‍, ബാഗപാട്ട്, കാന്‍പുര്‍, ലഖ്നോ എന്നിവടങ്ങളിലാണ് പൊലീസ് നടപടി ഉണ്ടായത്. ക്രിമിനലുകളില്‍ നിന്ന് ആയുധങ്ങള്‍, പണം, ആഭരണങ്ങള്‍, കാര്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് വിവരമുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്ദ്രപാലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.യു.പി പൊലീസിെന്റ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നേരെയാണ് നടപടി എടുത്തതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് പറഞ്ഞു. ഇതില്‍ പലരുടെയും തലക്ക് സര്‍ക്കാര്‍ 15,000 രൂപ മുതല്‍ 50,000 രൂപ വെര വിലയിട്ടിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ബലംപ്രയോഗിച്ചാല്‍ മതിയെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നതായും സിങ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകള്‍ പലപ്പോഴും വിവാദമാകാറുണ്ട്. ഇത്തരത്തില്‍ നടന്ന പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് ആരോപണമുണ്ടായിരുന്നു. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പടെ പല നേതാക്കള്‍ക്കെതിരെയും ഇത്തരം കേസുകളില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്.
