‘സിപിഐഎമ്മും ബിജെപിയും ആളെക്കൊല്ലാന്‍ മത്സരിക്കുന്നു’; ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധം അറിയിച്ച്‌ സുധീരന്‍

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പ്രതിഷേധം രേഖപ്പെടുത്തി. ഒരു ഭാഗത്ത് കേന്ദ്ര കക്ഷിയായ ബിജെപിയും മറ്റൊരു ഭാഗത്ത് കേരളത്തിലെ മുഖ്യകക്ഷിയായ സിപിഐഎമ്മും ആളുകളെ കൊല്ലാന്‍ മത്സരിക്കുകയാണെന്ന് ഫെയ്സ് ബുക്കിലൂടെ സുധീരന്‍ കുറ്റപ്പെടുത്തി. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാനകാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അക്രമകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും കഴിയാത്ത ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തിയായ പൊലീസ് സംവിധാനം തികച്ചും നിഷ്ക്രിയമാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് ഒഴിയണം എന്നും സുധീരന്‍ പറഞ്ഞു.

സിപിഐഎം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എച്ച്‌ഡി ശുഹൈബ്. ഊര്‍ജ്ജസ്വലനായ ഈ യുവാവിനെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സിപിഐഎം ഗൂഢനീക്കത്തിന്റെ ഭാഗമാണ് ക്രൂരമായ ഈ കൊലപാതകം എന്നും സുധീരന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ ശക്തിയായി അപലപിക്കുന്നു. അതിയായി പ്രതിഷേധിക്കുന്നു. കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുകയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *