വയനാട്: തദ്ദേശ സ്വയം ഭരണ വകുപ്പും, കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന അഗതി ആശ്രയ പദ്ധതി ജില്ലയില്‍ 92 ശതമാനം പൂര്‍ത്തിയായതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.പി. മുഹമ്മദ് അറിയിച്ചു. അഗതികള്‍ക്ക് സാന്ത്വനമേകാന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, കുടുംബശ്രീയുടെയും സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അഗതി ആശ്രയ. നിരാശ്രയര്‍, ആലംബഹീനര്‍, മാറാരോഗങ്ങളാല്‍ വേദനിക്കുന്നവര്‍, ഒറ്റപ്പെട്ട്കഴിയുന്നവര്‍ തുടങ്ങീയ കുടുംബങ്ങളിലെ അഗതികളെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജന ഉപപദ്ധതിയില്‍ അഗതി കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ആശ്രയ നടപ്പാക്കിയത്.
പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് അതിജിവനത്തിനാവശ്യമായ ഭക്ഷണം, ആരോഗ്യം, കുടിവെള്ളം, വസ്ത്രം, പെന്‍ഷന്‍, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ ആവശ്യങ്ങളായ ഭൂമി, വീട് പുനരുദ്ധാരണം, കക്കൂസ്, വൈദ്യുതി, വികസന ആവശ്യങ്ങളായ വൈദഗ്ധ്യ പരിശീലനം, സ്വയം തൊഴില്‍ സാധ്യതകള്‍, ജീവനോപാധികള്‍ എന്നിവയാണ് ഉറപ്പാക്കുന്നത്. അഗതികളായവര്‍ക്ക് ഭക്ഷണം, ചികിത്സ, വസ്ത്രം, പെന്‍ഷന്‍, മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയവ കുടുംബശ്രീയും, അടിസ്ഥാന സൗകര്യങ്ങളായ വീട്, പുനരുദ്ധാരണം, കുടിവെള്ളം, വൈദ്യുതി, കക്കൂസ്, റോഡ്, സ്ഥലം എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് പദ്ധതി പ്രകാരം ഗുണഭോക്കാവിന് ഉറപ്പാക്കുന്നത്. ജില്ലയിലെ 26 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നായി 3 വീതം പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ജനറല്‍ ഒന്നാം ഘട്ടം പ്രവര്‍ത്തിയില്‍ ഉള്‍പ്പെടാതെപോയ, അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടം നടപ്പാക്കിയത്. ഒന്നാംഘട്ടം, രണ്ടാംഘട്ടം, എസ്.ടി, എന്നിങ്ങനെ മൂന്ന്ഘട്ടങ്ങളായി 78 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 61 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ച് നിര്‍വ്വഹണം നടക്കുന്നുണ്ട്, 11 പദ്ധതികള്‍ പുര്‍ത്തിയാക്കി അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. 6 പദ്ധതികള്‍ കൂടി ഉടന്‍ നടപ്പാക്കും. ജനറല്‍ രണ്ടാം ഘട്ട പദ്ധതിയില്‍ വെള്ളമുണ്ട, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മീനങ്ങാടി എന്നീ നാല് സി.ഡി.എസുകളിലും, എസ്.ടി. അഗതി ആശ്രയ പദ്ധതിയില്‍ മേപ്പാടി, വെള്ളമുണ്ട സി.ഡി.എസിലും തയ്യാറാവുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വ്വെ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കി ഭരണ സമിതിക്ക് കൈമാറുന്നത്. ആശ്രയ പദ്ധതി എല്ലാ മാസവും വിലയിരുത്തണം.
ആശ്രയ പദ്ധതി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ എല്ലാ മാസവും ആശ്രയ ഗുണഭോക്താക്കളുടെ വീട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിന് പുറമെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, അംഗന്‍വാടി സൂപ്പര്‍വൈസര്‍, സി.ഡി.എസിലെ സാമൂഹ്യ വികസനത്തിന്റെ ചുമതലയുള്ള അംഗം, രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍, തദ്ദേശ ഭരണ സെക്രട്ടറി എന്നിവരടങ്ങിയ വിലയിരുത്തല്‍ സമിതി പഞ്ചായത്ത് തലത്തില്‍ എല്ലാ മാസവും വിലയിരുത്തണം. രണ്ടു മാസത്തിലൊരിക്കല്‍ തദ്ദേശ ഭരണ മേല്‍നോട്ട ചുമതലയുള്ള ആശ്രയ വിലയിരുത്തല്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറുകയും വേണം.
