ശുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസം രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സംഗീതിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.

ശുഹൈബിനെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ഒളിപ്പിച്ച സഞ്ജയ്, ശുഹൈബ് തട്ടുകടയില്‍ ഉണ്ടെന്ന വിവരം കൊലയാളി സംഘത്തിന് കൈമാറിയ രജത് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയാണ് സംഗീത്.

പ്രതികള്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും അന്വേഷസംഘം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച വാഗണ്‍ ആര്‍ കാറും രക്ഷപെടാന്‍ ഉപയോഗിച്ച വാഹനവുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ രണ്ട് തവണയായി ആറുപേര്‍ കേസില്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അകാശ് രാജ്, റിജില്‍ രാജ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലുപേരും അറസ്റ്റിലായിട്ടുണ്ട്.

ഫെബ്രുവരി 12 ന് രാത്രി പതിനൊന്ന് മണിയോടെയാണ് ശുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫെബ്രുവരു 25 ന് ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാത്തിനായിരുന്നു കോടതിയുടെ വിമര്‍ശനം. ശകൊലചെയ്യപ്പെട്ട ശേഷമുള്ള ശുഹൈബിന്റെ ഒരു ചിത്രം ഉയര്‍ത്തിക്കാട്ടിയ ജഡ്ജി ഒരു മനുഷ്യനെ കാണിച്ചിരിക്കുന്നത് നോക്കു എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് പറയുകയും ചെയ്തു.

എന്നാല്‍ ഇതിന് തൊട്ടടുത്ത ദിവസം കൊലയ്ക്കുപയോഗിച്ച മൂന്ന് വാളുകള്‍ വെള്ളപ്പറമ്ബിലെ ഒരു വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. നേരത്തെ ഇതേ സ്ഥലത്തുനിന്ന് തന്നെ മറ്റൊരു വാളും കണ്ടെത്തിയിരുന്നു. ഇത് തങ്ങളുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇനി മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *