പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം: സുപ്രിം കോടതിയില്‍ യുഐഡിഎഐ

ദില്ലി: ആധാറിന് വേണ്ടി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമെന്ന് യൂണിക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). സുപ്രിം കോടതിയിലാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ നടന്ന പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയാണ് അതോറിറ്റി സിഇഒ ഡോ. അജയ് ഭൂഷണ്‍ ആണ് തങ്ങളുടെ വാദം അവതരിപ്പിച്ചത്.

പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് യുഐഡിഎഐ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് പോലും വിവരങ്ങള്‍ കൈമാറിയിട്ടില്ല. 2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ആധാര്‍ വിവരങ്ങള്‍ ചോദിച്ചിട്ടില്ല. യുഐഡിഎഐ ചൂണ്ടിക്കാട്ടി.

ബയോമെട്രിക് വെരിഫൈ ചെയ്യാന്‍ ആകാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലേ എന്ന് കോടതി ചോദിച്ചു. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണം സംവിധാനത്തിന്റെ മനോഭാവമാണെന്ന് യുഐഡിഎഐ ചൂണ്ടിക്കാട്ടി. 49,000 സ്വകാര്യ എന്റോള്‍മെന്റ് ഏജന്‍സികളുടെ അംഗീകാരം എന്തുകൊണ്ട് റദ്ദാക്കിയെന്ന് കോടതി ആരാഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതതയുമാണ് കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ പ്രശങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആധാറുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ വിവരങ്ങള്‍ അവതരിപ്പിക്കാന്‍ യുഐഡിഎഐയെ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണു ഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു. ആധാര്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ തെളിയിക്കാന്‍ യുഐഡിഎഐയ്ക്ക് സാധിക്കുമെന്ന് എജി കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *