ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയെന്ന് വെളിപ്പെടുത്തല്‍. അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡിയുടേതാണ് വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ മരിക്കുന്നത് വരെ 24 മണിക്കൂറും ജയ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്നും റെഡ്ഡി വെളിപ്പെടുത്തി. 2016 സെപ്റ്റംബര്‍ അഞ്ചിനാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.
ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം അവരുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ. അറുമുഖ സ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് റെഡ്ഡി വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറിയിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി റെഡ്ഡി വെളിപ്പെടുത്തിയത്. ജയലളിതയെ പ്രവേശിപ്പിച്ചയുടന്‍ മറ്റ് രോഗികളെയെല്ലാം മറ്റ് ഐ.സി.യുകളിലേക്ക് മാറ്റി. മറ്റാരും ജയലളിതയെ കാണരുതെന്നതിനാലാണ് ക്യാമറകള്‍ ഓഫ് ചെയ്തതെന്നും റെഡ്ഡി വെളിപ്പെടുത്തി.
ജയലളിതയ്ക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി ഏതാനും ചിലര്‍ക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കി. ജയയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും റെഡ്ഡി വെളിപ്പെടുത്തി.
