കോഴിക്കോട്: സിപിഎം പ്രയോഗിക്കുന്നത് പഴയ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്ബിമാരുടെ തന്ത്രങ്ങളാണെന്ന്‍ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി. എം സുധീരന്‍. ദേശീയപാത ബൈപ്പാസിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനെതിരെ സിപിഎമ്മിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്.
കീഴാറ്റൂരില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും വയല്‍ക്കിളികളുമായി സമവായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇതേവിഷയത്തില്‍ കെ. മുരളീധരന്‍ നടത്തിയ പ്രസ്താവനയോട് സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. വിഷയം പഠിച്ചും പഠിക്കാതെയും പലരും പ്രതികരിക്കുമെന്നും മുരളീധരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുധീരന്‍ വ്യക്തമാക്കി.
അതേസമയം കേരളം വെന്തുരുകുമ്ബോഴാണ് നെല്‍പ്പാടം നികത്തുന്നതിനെതിരെ വയല്‍കിളികള്‍ സമരം ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തളിപ്പറമ്ബിന്റെ ജലസംഭരണിയെന്ന് വിശേഷിപ്പിക്കാവുന്ന കീഴാറ്റൂര്‍ പാടം നികത്തരുതെന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ പോരാട്ടം. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനായി ഇവരുടെ പന്തല്‍ കത്തിച്ചതിന് പിന്നാലെ സമരത്തിനെതിരെ കേട്ടുകേള്‍വിയില്ലാത്ത പ്രതിസമരവുമായിട്ടാണ് സിപിഎം ഇറങ്ങിതിരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
