ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവരുടെ വിവാഹം തടയാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായവരുടെ വിവാഹം ഖാപ്പ് പഞ്ചായത്തുകള്‍ക്ക് റദ്ദാക്കാനാവില്ലെന്നും, ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച കോടതി ഉത്തരവിട്ടു.
ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കൃത്യമായ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതുവരെ ഈ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ദുരഭിമാന കൊലകളെ തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ദുരഭിമാന കൊലകളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ശക്തിവാഹിനി എന്ന എന്‍ജിഒയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ വാദത്തിനിടെ ഖാപ്പ് പഞ്ചായത്തുകളെ കോടതി ശകാരിച്ചിരുന്നു. സമൂഹത്തിന്റെ അന്തസ് സൂക്ഷിപ്പുകാരാകാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ ശ്രമിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
