കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ച് പൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്‌കൂളുകള്‍ പൂട്ടുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ പൂട്ടരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. രണ്ട് മാസത്തിനകം കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

അംഗീകാരമില്ലാല്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നല്‍കിയത്. ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളിലെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളുകള്‍ പൂട്ടുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും നിയമസഭയില്‍ പറഞ്ഞിരുന്നു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരമായിരുന്നു നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശിച്ചിരുന്നു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. മൂന്ന് ഏക്കര്‍ സ്ഥലം, കഴിഞ്ഞ അഞ്ച് വര്‍ഷമായി ശരാശരി 300 കുട്ടികള്‍, സ്ഥിരം കെട്ടിടം, യോഗ്യതയുള്ള അദ്ധ്യാപകര്‍ എന്നിവയായിരുന്നു മാനദണ്ഡം. അംഗീകാരമില്ലാത്ത ഏകദേശം 3400 സ്‌കൂളുകള്‍ അപേക്ഷിച്ചതില്‍ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *