സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയില്‍ പറഞ്ഞു. കെ വി വിജയദാസ് അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും റൂള്‍സ് ഓഫ് ബിസിനസ്സും അടിസ്ഥാനമാക്കിയാണ് പ്രധാനമായും സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി പുറപ്പെടുവിക്കുന്ന വിവിധ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണവും സമഗ്രവും വസ്തുതാപരവും ആകേണ്ടതുണ്ട്.

അതിനാല്‍ വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച്‌ തീരുമാനമെടുക്കുന്നതിന് ആഴത്തിലുള്ള പരിശോധനകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു .

ഉത്തരവുകളുടെ ഘടന, ചട്ടങ്ങളുടെ രൂപീകരണം, നിയമനിര്‍മ്മാണം, ധനവിനിയോഗം എന്നിവയെല്ലാം സംബന്ധിച്ച്‌ നിയതമായ വ്യവസ്ഥകള്‍ ഉണ്ട്. ഇവ പരിശോധിച്ച്‌, തെറ്റുകൂടാതെയും ക്രമപ്രകാരവും പുറപ്പെടുവിക്കുക എന്നത് ഭരണ നിര്‍വ്വഹണത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലില്‍ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥ പരിശോധന വ്യവസ്ഥ ചെയ്തിട്ടുള്ളത്. സാധ്യമായ എല്ലാ സെക്ഷനുകളിലെയും ഉദ്യോഗസ്ഥശ്രേണിഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി എന്നാല്‍ ചില ന്യൂനതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഓര്‍മിപ്പിച്ചു.

ആധുനിക സാങ്കേതികവിദ്യയുടെ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റില്‍ ഇ ഓഫീസ് സംവിധാനം ഏറെക്കുറെ പൂര്‍ണ്ണമായിക്കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അവധി/ അഭാവം നിമിത്തം ഫയല്‍ നീക്കം തടസ്സപ്പെടാതിരിക്കാന്‍ ലിങ്ക് ഓഫീസര്‍ സംവിധാനവും ഏര്‍പ്പെടുത്തിയ വിവരവും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *