കോഴിക്കോട്: സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 2016-17 വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വിമര്‍ശിച്ച് വി.എം സുധീരന്‍ രംഗത്ത്. നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കേണ്ടതെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം. എന്നാല്‍, സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.
കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ തുറന്നു കാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷ നടപടി സ്വയം വഞ്ചിക്കുന്നതായി.
സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യു.ഡി.എഫ് എം.എല്‍.എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്‍ത്ഥകമാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.
നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.
