വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഏഴുപേര്‍ക്കായി അവയവദാനം നല്‍കിയ അരുണ്‍രാജി(29)ന്റെ വീട്ടില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെത്തി. അരുണ്‍രാജിന്റെ വീട്ടുകാരെ മന്ത്രി ആശ്വസിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് മന്ത്രി വേങ്ങൂര്‍ക്കരയിലുള്ള വീട്ടില്‍ എത്തിയത്.
മന്ത്രിക്കൊപ്പം സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു, ലോക്കല്‍ സെക്രട്ടറി കെ ഐ കുര്യാക്കോസ് , നഗരസഭ ചെയര്‍പേഴ്‌സണ്‍ എം എ ഗ്രേസി , തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വര്‍ഗീസ് എന്നിവരുണ്ടായിരുന്നു. അരുണ്‍രാജിന്റെ അനുജന് സര്‍ക്കാര്‍ ജോലിനല്‍കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം വാര്‍ഡ് കൗണ്‍സിലര്‍ ലേഖ മധു മന്ത്രിക്ക് നല്‍കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി അറിയിച്ചു.
വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്ബിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്ബതികളുടെ മകനായ അരുണ്‍രാജിന് ഏപ്രില്‍ ഒന്നിനാണ് ബൈക്കപകടത്തില്‍ പരിക്ക്‌പറ്റി മസ്‌തിഷ്‌ക്കമരണം സംഭവിച്ചത്. ഇതോടെ അവയവദാനത്തിന് വീട്ടുകാര്‍ തയ്യാറാകുകയായിരുന്നു. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴിയായാണ് അവയവദാനം നടത്തിയത് . ഒരേസമയം ഇത്രെയും അവയവങ്ങള്‍ മൃതസഞ്ജീവനി വഴി മാറ്റിവെക്കുന്നതും ആദ്യമാണ്.
മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തി.
ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്. കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് നല്‍കിയത്.
