ചൈന പണിത ഡാമില്‍ നിന്ന് വൈദ്യുതി വേണ്ടെന്ന് നേപ്പാളിനോട് മോദി

ന്യൂഡല്‍ഹി: നേപ്പാളിന്റെ ചൈനീസ് ചായ്‌വിനോട് അതൃപതി തുറന്ന് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഓലിയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം ഇന്ന് തുടങ്ങാനിരിക്കെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.

നേപ്പാളില്‍ അണക്കെട്ടുകള്‍ പണിയാന്‍ ചൈനക്ക് അനുവാദം നല്‍കുകയാണെങ്കില്‍ ഇന്ത്യ അവിടെ നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മോദി ഓലിയെ അറിയിച്ചേക്കും. ഓലിയെ ഇന്ത്യ ഊഷ്മളായി സ്വീകരിക്കുമെങ്കിലും രാജ്യത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നും സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മധ്യപടിഞ്ഞാറന്‍ നേപ്പാളില്‍ 250 കോടി ഡോളര്‍ ചെലവില്‍ ചൈന നിര്‍മ്മിക്കുന്ന ബുധി ഗാന്ദകി ഡാം പദ്ധതിയാണ് പ്രധാനമായും ഇന്ത്യയെ ചൊടിപ്പിച്ചത്. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും മാവോയിസ്റ്റ് നേതാവുമായ പുഷ്പ കമാല്‍ ദഹലാണ് ഈ പദ്ധതി ചൈനീസ് കമ്ബനിയായ ഗെഷൗബയ്ക്ക് കൈമാറിയത്.

ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ പങ്കാളിയായതിന് പിന്നാലയെയിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഈ തീരുമാനം. പിന്നീട് പുഷ്പ കമാല്‍ ദഹലില്‍ നിന്ന് പ്രധാനമന്ത്രി പദം ഏറ്റെടുത്ത നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹദൂര്‍ ദ്യൂബ നവംബറില്‍ ഈ കരാര്‍ റദ്ദാക്കി. ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ ഓലി പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ മാസം ഒരു ചൈനീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. അഭിമുഖത്തിനിടെ ഇന്ത്യയാണ് കരാര്‍ റദ്ദാക്കാന്‍ കാരണമെന്ന് പരോക്ഷമായി ഓലി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *