കൊല്‍ക്കത്ത: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാന്‍ ഒരുദിനംമാത്രം ശേഷിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതാണ്ഡവം തുടരുന്നു. പത്രിക സമര്‍പ്പിക്കാനെത്തിയ പ്രതിപക്ഷഅംഗങ്ങളെ തൃണമൂല്‍ ഭീകരരും പൊലീസും സംയുക്തമായി വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഘടിതമായ അക്രമത്തെ തുടര്‍ന്ന് ഇതുവരെ നാലിലൊന്ന് സീറ്റില്‍ പോലും പ്രതിപക്ഷകക്ഷികള്‍ക്ക് പത്രിക സമര്‍പ്പിക്കാനായിട്ടില്ല. ഭീഷണി അവഗണിച്ച് പത്രിക സമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സിപിഐ എം കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം നൂറുകണക്കിന് ഇടതുമുന്നണിപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
വനിതകള്‍പോലും ക്രൂരമര്‍ദനത്തിന് ഇരയായി. ഹൗറ, ഹൂഗ്ലി, ജാര്‍ഗ്രാം, പൂര്‍വ മെദിനിപുര്‍ പശ്ചിമ മെദിനിപുര്‍, ജാല്‍പായ്ഗുരി, നാദിയ, മാള്‍ദ, പുരുളിയ, ബാങ്കുറ ദക്ഷിണ 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ വ്യാപകമായ അക്രമം നടക്കുന്നു. ഹൂഗ്ലി ജില്ലയിലെ അരംബാഗില്‍ സിപിഐ എം വനിതാസ്ഥാനാര്‍ഥികളെ ബ്ലോക്ക് ഓഫീസില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു. ഞായറാഴ്ച മൂര്‍ഷിദാബാദ് ജില്ലയിലെ നവഗ്രാമില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസില്‍ സ്ഥാനാര്‍ഥികളുടെ യോഗത്തിനിടെ തൃണമൂലുകാര്‍ കടന്നുകയറി അക്രമം നടത്തി. പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ബാങ്കുറയില്‍ ഇടതുമുന്നണി നിയമസഭാകക്ഷി നേതാവ് സുജന്‍ ചക്രവര്‍ത്തി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം അമിയ പത്ര, ഡിവൈഎഫ്‌ഐ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനുനേരെ അക്രമമുണ്ടായി. അക്രമികള്‍ വഴിതടഞ്ഞ് നേതാക്കളെ തള്ളി താഴെയിട്ടു. ബര്‍ദ്വമാന്‍ സദര്‍ ഡിവിഷനില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ ഇടതുസ്ഥാനാര്‍ഥികളെ തൃണമൂലുകാര്‍ തടഞ്ഞ് പത്രികകള്‍ നശിപ്പിച്ചു. പര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം നസ്സുറുള്‍ ഇസ്ലാമിന് ഗുരുതര പരിക്കേറ്റു.
‘പ്രതിപക്ഷവിമുക്ത പഞ്ചായ’ത്തെന്ന മമത ബാനര്‍ജിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് അനുയായികള്‍ ആയുധങ്ങളുമായി തെരുവിലിറങ്ങിയത്. മന്ത്രിമാരും എംഎല്‍എമാരും സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യാമ്ബ് ചെയ്താണ് പത്രിക സമര്‍പ്പണം നിയന്ത്രിക്കുന്നത്.
