റേഡിയോ പരിപാടിയില്‍ അവഹേളിക്കപ്പെട്ടു, രാജ്യം ജോലിനല്‍കി ആദരിച്ചു

ദുബായ്: കഴിഞ്ഞയാഴ്ച റേഡിയോ പരിപാടിക്കിടെ അവതാരകന്‍ അവഹേളിച്ച സ്വദേശി പൗരന് രാജ്യം ജോലിനല്‍കി ആദരിച്ചു. ഞായറാഴ്ചനടന്ന യു.എ.ഇ. മന്ത്രിസഭായോഗത്തില്‍ യു.എ.ഇ. വൈസ്​പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അലി അല്‍ മസ്റൂയി എന്ന റാസല്‍ഖൈമ സ്വദേശി സാമൂഹിക വികസനമന്ത്രാലയത്തിനുകീഴില്‍ സാമൂഹിക ഗവേഷകനായാണ് നിയമിതനായത്. ഞായറാഴ്ചനടന്ന മന്ത്രിസഭായോഗത്തിലേക്ക് അലി അല്‍ മസ്റൂയിയെ ശൈഖ് മുഹമ്മദ് ക്ഷണിച്ചിരുന്നു.

താഴ്ന്നവരുമാനക്കാരായ സ്വദേശികള്‍ക്കായി 1100 കോടി ദിര്‍ഹത്തിന്റെ സാമൂഹികക്ഷേമപദ്ധതി നടപ്പാക്കാനും ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്നുവര്‍ഷംകൊണ്ടാണ് പദ്ധതി നടപ്പില്‍വരിക. ഒരു പൗരന്റെ വേദനയില്‍ രാജ്യം മുഴുവന്‍ ഒപ്പം നില്‍ക്കുക, ഇതാണ് യു.എ.ഇ. രാഷ്ട്രപിതാവ് ആഗ്രഹിച്ചിരുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വരുമാനക്കാരായ പൗരന്‍മാരുടെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കി അവരുടെ ഭാവി സുരക്ഷിതമാക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ജീവിതച്ചെലവ് ഉയരുന്ന വേദന പങ്കുെവച്ച അലി അല്‍ മസ്റൂയിയെ റേഡിയോ പരിപാടിയില്‍ അവതാരകന്‍ അവഹേളിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ശൈഖ് മുഹമ്മദ് അലി അല്‍ മസ്റൂയിക്കുവേണ്ട എല്ലാ സഹായങ്ങളും 24 മണിക്കൂറിനകം നല്‍കണമെന്ന് ഉത്തരവിട്ടു. തുടര്‍ന്ന് താഴ്ന്ന വരുമാനക്കരെക്കുറിച്ച്‌ പഠിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹിക വികസന മന്ത്രാലയത്തിനും അദ്ദേഹം നിര്‍ദേശം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *