ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍: പി  ജയരാജയന്‍ ജയിലില്‍. കണ്ണൂരിനെ ചുവപ്പുകോട്ടയാക്കാന്‍ പ്രയത്‌നിച്ച സി പി എം നേതാക്കളില്‍ പ്രമുഖനായ പി ജയരാജന്‍ ജയിലിലേക്ക് പോവുന്നത് കേന്ദ്രത്തില്‍ പാര്‍ട്ടി ശത്രുവായ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറും സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാറും അധികാരത്തിലിരിക്കുമ്പോള്‍. രാവിലെ മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ജയരാജന്‍ ജയിലിലാവുന്നത്.  ഹൃദയസംബന്ധമായ അസുഖമുള്ള ജയരാജന് വിദഗ്ധ ചികിത്സ വേണമെന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടില്‍ ഇനി തീരുമാനം വരേണ്ടത് ജയില്‍ സൂപ്രണ്ടില്‍ നിന്നാണ്. യു എ പി എ ചുമത്തിയതാണ് ജയരാജന് വിനയാവുന്നത്. ആര്‍ എസ് എസ് നീക്കത്തിന് മുഖ്യമന്ത്രി കുടപിടിച്ചുവെന്നാണ് ഇതേക്കുറിച്ച് സി പി എം ആരോപിക്കുന്നത്.
എ കെ ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജനെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് രാവിലെ 9.30ഓടെ എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലെത്തുകയായിരുന്നു. കോടതി മാര്‍ച്ച് 11 വരെയാണ് റിമാന്റ് ചെയ്തത്. കതിരൂര്‍ മനോജ് വധക്കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍.
ആശുപത്രിയിലേക്ക് മാറ്റണമെന്ന ജയരാജന്റെ ആവശ്യം കോടതി തള്ളി. ജയരാജനെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ കോടതിയില്‍ അപേക്ഷ നല്കിയിട്ടുണ്ട്.
ആദ്യമായാണ് രാഷ്ട്രീയ സംഘര്‍ഷ കേസില്‍ യു എ പി എ ചുമത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആര്‍ എസ് എസ് മോഹന്‍ഭഗവത്തിനെ കൊണ്ടുവന്ന് നടത്തിയ ബൈഠക്കില്‍ എടുത്ത തീരുമാനം നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സി പി എം പ്രതികരിച്ചു. സി പി എമ്മിനെ ഭീകരപാര്‍ട്ടിയാക്കി ചിത്രീകരിക്കാനാണ് നീക്കം. ഇതിനെ നിയമപരമായി നേരിടാനാണ് പാര്‍ട്ടി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *