ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി. യുഎസ് തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു സുപ്രീം കോടതിയുടെ നിരീക്ഷണം.
ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചു രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ടെന്നു നിരീക്ഷിച്ച ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ജനാധിപത്യം എങ്ങനെ നിലനില്‍ക്കുമെന്നും ചോദിച്ചു. ആധാര്‍ കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചില്‍ അംഗമാണ് ചന്ദ്രചൂഡ്.
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ ഖനിയാണ് ആധാര്‍ വിവരങ്ങളെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. കേംബ്രിജ് അനലറ്റിക്കയെന്ന സ്ഥാപനം ഫേസ്ബുക്കിലെ സ്വകാര്യവിരങ്ങള് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ഇക്കാര്യം നിരീക്ഷിച്ചത്.
നമ്മള് പാവപ്പെട്ടവരായ 130 കോടി ജനങ്ങളുടെ സ്വകാര്യവിവരങ്ങളാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സ്വര്‍ണ ഖനി കൂടിയാണെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. വിവരങ്ങള്‍ ശേഖരിക്കപ്പെടുന്പോള് വെളിപ്പെടുന്ന ചെറിയ കാര്യങ്ങള്‍പോലും ദുരുപയോഗം ചെയ്യപ്പെടാം. നമ്മള് ലോകത്തിന്റെ നിരീക്ഷണത്തിന് കീഴിലാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം, ആധാര്‍ വിവരങ്ങള്‍ ആറ്റം ബോംബല്ലെന്നായിരുന്നു ആധാര്‍ അതോറിറ്റി സുപ്രീം കോടതിയില്‍ വാദിച്ചത്.
