ഇംപീച്ച്‌മെന്റ് നീക്കം ജഡ്ജുമാരെ ഭീഷണിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിനെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇംപീച്ച്‌മെന്റ് നീക്കം വിവാദ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ ആയുധമായി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. ജസ്റ്റിസ് ലോയ കേസിലെ സുപ്രീം കോടതി വിധി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് തുറന്നു കാട്ടിയതെന്നും അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഇംപീച്ച്‌മെന്റ് നീക്കം ജസ്റ്റിസ് ലോയ കേസിലെ ഹര്‍ജി തള്ളിയതിന്റെ പ്രതികാര നടപടിയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. ജഡ്ജിമാരെ ഭീഷണിപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധമായി ഇംപീച്ച്‌മെന്റ് നീക്കത്തെ ഉപയോഗിക്കുന്നു. തങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കുമെന്ന് ജഡ്ജിമാര്‍ക്ക് സന്ദേശം കൊടുക്കാനാണ് പ്രതിപക്ഷ നീക്കമെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഹര്‍ജികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി ആരോപിക്കുകയും ചെയ്യിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ നീക്കം വീണ്ടും ശക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് ശര്‍മ്മയ്‌ക്കെതിരായി പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കി. ഏഴ് പാര്‍ട്ടികളില്‍ നിന്നായി 60 എം.പിമാര്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

അതേസമയം, ചീഫ് ജസ്റ്റീസിന്റെ ഇംപീച്ച്‌മെന്റ് ആവശ്യവുമായി ബന്ധപ്പെട്ട് പൊതുവേദികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരവും വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു. ജസ്റ്റീസ് എ.കെ സിക്രി, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശനം. പര്‍സ്യൂട്ട് ഓഫ് ജസ്റ്റീസ് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഇംപീച്ച്‌മെന്റ് പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ജനപ്രതിനിധികളെയും മാധ്യമങ്ങളെയും വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *