മൂര്‍ക്കനാട് സമഗ്ര കുടിവെള്ള പദ്ധതി

മൂര്‍ക്കനാട് മൂര്‍ക്കനാടും സമീപ പഞ്ചായത്തുകളായ കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, മങ്കട എന്നിവിടങ്ങളിലേക്കുള്ള സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പടപ്പറമ്പ് പി.കെ.എച്ച്.എം. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തൂതപ്പുഴയില്‍ തടയണ നിര്‍മിക്കുന്നതിന് 11 കോടി കൂടി അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ.യുടെ ഇത് സംബന്ധിച്ച ആവശ്യം സ്റ്റേജില്‍വെച്ച് തന്നെ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായി. കേരള വാട്ടര്‍ അതോറിറ്റിയുടെ പുതുതായി രൂപവത്ക്കരിച്ച മങ്കട സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു.  ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ., മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശഹീദ എലിക്കോട്ടില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അജിത് പാട്ടീല്‍, ടി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവി ഒ.എന്‍.വി. കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *