കുട്ടികള്‍ ഭക്ഷണത്തിനായി കരഞ്ഞു വിളിക്കുമ്ബോള്‍ ആഹാരം തരാം എന്നു പറയും, ആഹാരം സ്വീകരിച്ചാല്‍ അവരുടെ കൂടെ കിടക്കണം: സൈനീകരെക്കുറിച്ച്‌ സ്ത്രീകള്‍ പറയുന്നു

ബോക്കോ ഹറാമിന്റെ ക്രൂരതകളാണ് നൈജീരിയയുടെ വടക്കന്‍ പ്രദേശത്തു നിന്ന് മുന്‍പ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത് സൈന്യത്തിന്റെ ക്രൂരതകളെ കുറിച്ചാണ്. നൈജീരിയയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൈശാചികതകളെക്കുറിച്ചു ലോകത്തെ അറിയിക്കുകയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ബോക്കോ ഹറാമിനെ സ്ഥാനഭ്രഷ്ടരാക്കിയ സൈന്യം സാധാരണ ജനങ്ങളെ വിദൂരപ്രദേശങ്ങളിലുള്ള ക്യാംപുകളിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. അവിടങ്ങളില്‍നിന്നുള്ള പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമാണ് ആംനസ്റ്റി സൈന്യം നടത്തിയ ക്രൂരതകള്‍ ലോകത്തെ അറിയിച്ചത്. ക്യാംപുകളില്‍ കൊണ്ടാക്കിയവര്‍ക്ക് ആഹാരം നിഷേധിച്ചിതിനുപുറമെ അസുഖബാധിതര്‍ക്ക് മരുന്നും നിഷേധിച്ചു. ആയിരങ്ങള്‍ നിസ്സഹായരായി മരണത്തിലേക്കു നീങ്ങുന്നതു സൈനികര്‍ നോക്കിനിന്നു.

2015 നും 16- നുമിടെ ബാമ ഹോസ്പിറ്റല്‍ ക്യാംപില്‍ ആയിരങ്ങള്‍ പ്രഥമിക ശുശ്രൂഷ പോലുംലഭിക്കാതെ മരിച്ചു. 15 മുതല്‍ 30 പേര്‍ വരെ ദിവസേന മരിച്ചുവീണുകൊണ്ടിരുന്നു. മരിക്കാതെ അവശേഷിച്ചവര്‍ക്ക് ക്രൂരമായ അനുഭവങ്ങളാണുണ്ടായത്. സ്ത്രീകള്‍ക്ക് ആഹാരത്തിനും ഒരു കുപ്പി വെള്ളത്തിനും പോലും ശരീരം കാഴ്ചവയ്‌ക്കേണ്ടി വന്നു. 25 വയസ്സുള്ള ഗര്‍ഭിണിയായ ഒരു യുവതിയെ രണ്ടു സൈനികരാണ് മാനഭംഗപ്പെടുത്തിയത്. ആദ്യം ഒരു സൈനികനെ അവര്‍ ഒഴിവാക്കിയെങ്കിലും വെള്ളം ശേഖരിക്കുന്നതിനിടെ മറ്റൊരാള്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ആഹാരം തരാം പകരം ശരീരം കാഴ്ചവയ്ക്കണമെന്നാണ് സൈനികര്‍ പറയുന്നതെന്നു ക്യാംപുകളില്‍ അധിവസിക്കുന്ന സ്ത്രീകള്‍ പറയുന്നു. ഏതെങ്കിലും സൈനികനില്‍ നിന്ന് ആഹാരം സ്വീകരിച്ചാല്‍ പകരമായി ശരീരം കാഴ്ചവയ്‌ക്കേണ്ട ദയനീയ അവസ്ഥയാണ്. കുട്ടികള്‍ ആഹാരത്തിനു വേണ്ടി കരഞ്ഞുവിളിക്കുമ്ബോള്‍ സൈനികര്‍ ഞങ്ങളെ വിളിക്കും. ആഹാരം തരാമെന്നു പറയും. ആഹാരം സ്വീകരിച്ചാല്‍ അവരുടെ കൂടെ കിടക്കാന്‍ ആവശ്യപ്പെടും. വിസമ്മതിച്ചാല്‍ പരസ്യമായി ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തും. ഒരു യുവതി അവരുടെ അനുഭവം പറയുന്നു.

ആംനസ്റ്റി റിപോര്‍ട്ട് പുറത്തുവന്നെങ്കിലും ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് സൈന്യം. സ്ത്രീകള്‍ പറയുന്ന പല അനുഭവങ്ങളും കഥകള്‍ മാത്രമാണെന്നാണ് സൈന്യം പറയുന്നത്. പക്ഷേ, ആരോപണങ്ങളെക്കുറിച്ചു സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും ആ അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണു നടക്കുന്നതെന്നു പറയുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഭീകര സംഘടനയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടും കഴിഞ്ഞവരോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടികളാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് നൈജീരിയയിലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഒസെയ് ഒജിഗോ പുറത്തുവിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *