ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പുകഴ്‌ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. യു.പി.ഭരണകാലത്ത് മന്‍മോഹന്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച അരവിന്ദ് കേജ്‌രിവാളാണ് ഇപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തി എത്തിയിരിക്കുന്നത്. മന്‍മോഹന്‍ സിംഗിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയെ കുറിച്ച് പ്രതിപാതിക്കുന്ന ഒരു ലേഖനം ട്വീറ്റ് ചെയ്‌താണ് കേജ്‌രിവാളിന്റെ പരാമര്‍ശം.
‘ഡോ.മന്‍മോഹന്‍ സിംഗിനെ പോലെ വിദ്യാഭ്യാസമുളള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധം ഉദിക്കുകയാണ്’- കേജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതിക്ക് മുകളില്‍ ഉറങ്ങുന്നയാളാണ് മന്‍മോഹനെന്ന് പണ്ട് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് എതിരാണ് തന്റെ പോരാട്ടമെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, മന്‍മോഹന്‍ സിംഗിനെ പുകഴ്‌ത്തിയ കേജ്രിവാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനും മറന്നില്ല. രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്ന ജലദൗര്‍ലഭ്യ പ്രശ്നത്തില്‍ മോദി സര്‍ക്കാര്‍ നാറിയ രാഷ്ട്രീയം കളിക്കുകയാണെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി. കര്‍ണാടക മുഖ്യന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ദിനം യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കേജ്‌രിവാള്‍ വേദി പങ്കിട്ടിരുന്നു.
