ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഇത് ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അറിയിച്ചു. തോല്‍വിക്ക് കാരണം ഗ്രൂപ്പ് തര്‍ക്കമാണെന്ന സുധീരന്റെ ആരോപണവും അദ്ദേഹം തള്ളി.

സംഘടനാപരമായ പോരായ്മകള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കമാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ തെറ്റാണ്. കോണ്‍ഗ്രസില്‍ ഒരു തരത്തിലുമുള്ള ഗ്രൂപ്പ് തര്‍ക്കവുമില്ല. തോല്‍ക്കുമ്ബോള്‍ വിമര്‍ശിക്കുകയും വിജയിക്കുമ്ബോള്‍ ആഹ്ലാദിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. ഇന്ദിരാഭവനില്‍ കെ.എസ്.യു ജന്മദിന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഉപതെരഞ്ഞെടുപ്പില്‍ തോറ്റതു കൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാകില്ല. മുമ്ബ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് കോണ്‍ഗ്രസാണെന്ന് മറക്കരുത്. ചെങ്ങന്നൂരില്‍ കണ്ടത് കേരളത്തിലെ ആകെയുള്ള ജനങ്ങളുടെ വികാരമല്ല. എന്നാല്‍, തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. സംഘടനാപ്രശ്‌നങ്ങളുമായി കെ.എസ്.യു ഉന്നയിച്ച പരാതികളെ മുഖവിലയ്ക്ക് എടുക്കുന്നു. പ്രതിസന്ധികളും പോരായ്മകളും പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. നിപ വിഷയത്തില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി അവസാനിപ്പിച്ച്‌ മുന്നോട്ടുപോകണമെന്ന് വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യു ആവശ്യപ്പെട്ടു. കെഎസ്‌യുവിനെ കുറ്റപ്പെടുത്തുന്നവര്‍ സംഘടനയ്ക്കായി എന്തുചെയ്തു? സംഘടനയുടെ ദുര്‍ബലാവസ്ഥയ്ക്കു കോണ്‍ഗ്രസ് നേതാക്കളും കാരണക്കാരാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് പറഞ്ഞു.

അതിനിടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.എം. ഹസന്‍ എന്നിവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡെല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇതെന്നാണ് സൂചന. ആറ്, ഏഴ് തീയതികളിലാണ് ചര്‍ച്ച. ഇപ്പോള്‍ വിദേശത്തുള്ള രാഹുല്‍ അഞ്ചിനാണ് തിരിച്ചെത്തുക. പുതിയ കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ സീറ്റ് എന്നിവ ചര്‍ച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *