തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ മറ്റൊരു കേരള മുഖ്യമന്ത്രിക്കും ഒരുക്കാത്ത വിധത്തില്‍ സുരക്ഷ ഒരുക്കുന്നത് എന്തിനാണ്? ഈ ചോദ്യം കെവിന് വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളും പിണറായിക്ക് നേരെ ഉയര്‍ത്തിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. താന്‍ സുരക്ഷയുടെ അകമ്ബടിയോടെ തന്നെയോ യാത്ര ചെയ്യുകയുള്ളൂവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വീണ്ടും സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിനായി കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് 75 ലക്ഷം രൂപ ചെലവിട്ട് ആറ് ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ റണ്ട് വാഹനങ്ങള്‍ വാങ്ങുന്നത് വല്ലപ്പോഴും മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുമ്ബോള്‍ അവിടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ്. ഇത് കൂടാതെ മറ്റ് മന്ത്രിമാര്‍ക്ക് വേണ്ടിയുമാണ് വാഹനങ്ങള്‍ വാങ്ങുന്നത്. ഇതേക്കുറിച്ചുള്ള വിവരം പുറത്തുവന്നത് ഇന്ന് നിയമസഭയില്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി തോമസ് ഐസക്ക് എത്തിയപ്പോഴാണ്.
ഇന്നോവ ക്രിസ്റ്റ ഇനത്തില്‍പെട്ട വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതായി കാണിച്ച് തോമസ് ഐസക്ക് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് സഭയുടെ അനുമതി തേടിയത്. ആറ് ഇന്നോവ കാറുകളില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഉപയോഗിക്കുക. ബാക്കി വാഹനങ്ങള്‍ മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ക്കു സുരക്ഷ ശക്തമാക്കാനായാണ് ഉപയോഗിക്കുക. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വന്‍ വാഹനവ്യൂഹത്തെയും പൊലീസ് സംഘത്തേയും ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനായി വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നത്.
മുഖ്യമന്ത്രിയുടെ അതിവേഗ ചീറിപ്പായലിനായി വലിയ സുരക്ഷ ഒരുക്കുന്നതിനെതിരെ വിമര്‍ശനം കടുക്കുന്ന വേളയിലാണ് പുതിയ നീക്കവും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വന്‍ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാന്‍ പുതിയ വാഹനങ്ങള്‍ മാറ്റുന്നത്. ആഡംബര വാഹനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ അടക്കം മിതത്വം പാലിക്കുമെന്നായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പറഞ്ഞു കൊണ്ടിരുന്നത്. പൊലീസ് എസ്കോര്‍ട്ട് അധികം ഉപയോഗിക്കില്ലെന്നും പറയുകയുണ്ടായി. എന്നിട്ടും കഴിഞ്ഞവര്‍ഷം ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ വാങ്ങിയിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിട്ടത് 6,68,82,307 രൂപയാണ് ചെലവിട്ടത്. മുഖ്യമന്ത്രിയുള്‍പ്പടെ മന്ത്രിമാര്‍ക്കായി 35 പുതിയ വാഹനങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാങ്ങിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും സ്പെയര്‍ വാഹനവും കൂടാതെ ഓഫീസ് ആവശ്യത്തിന് മാത്രം 11 വണ്ടികളാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിമാര്‍, ഓഫീസ് സ്റ്റാഫ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക് ഇന്നോവയും പൊളിറ്റിക്കല്‍ സെക്രട്ടറി, ശാസ്ത്ര ഉപദേഷ്ടാവ്, വികസന ഉപദേഷ്ടാവ്, നിയമോപദേശകന് എന്നിവര്‍ക്ക് പഴയ മോഡല്‍ ആള്‍ട്ടിസും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുള്ള മാരുതി എസ്. എക്സ് 4ഉം സ്കോഡയുമുള്‍പ്പെടെയാണിത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ഫണ്ടില്‍ നിന്ന് തുകയെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് എത്തുന്നത്.
ആഡംബര കാറു വാങ്ങലില്‍ പ്രതിപക്ഷ നേതാവും പിന്നിലല്ല. പുതിയ കാറു വേണമെന്ന് സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം മന്ത്രിമാര്‍ക്ക് എല്ലാം പുതിയ കാറെത്തി. നിയമവകുപ്പ് മന്ത്രി എ. കെ ബാലനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പഴയ ഇന്നോവ ഡി , ഇന്നോവ ഡി 8 എസ് മോഡലുകള്‍കൊണ്ട് തൃപ്തിപ്പെട്ടു. പക്ഷേ മറ്റ് മന്ത്രിമാര്‍ അങ്ങനെയായിരുന്നില്ല. ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ളത് ടൊയോട്ടോ കോറോളാ ആള്‍ട്ടിസ് കാറാണ് ഉള്ളത്. മുഖ്യമന്ത്രിയുടെയും കടകംപള്ളിയുടെയും സ്പെയര്‍ വാഹനങ്ങളും മുന്തിയ മോഡലുകള്‍ തന്നെയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി വാഹനങ്ങള്‍ വാങ്ങിയതിന് പിന്നാലെയാണ് ധനസ്ഥിതി അതീവ മോശമായിരിക്കുന്ന വേളയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി വാഹനങ്ങള്‍ വീണ്ടും വാങ്ങുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഒരുക്കുന്നത് 350 പൊലീസുകാര്‍
കെവിന് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങളും കൂടുതലായി പുറത്തുവന്നിരുന്നു. തലസ്ഥാനം വിട്ടാല്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടത് കുറഞ്ഞതു 350 പൊലീസുകാരാണെന്നും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സ്ഥിരം അകമ്ബടിക്കാര്ക്കു പുറമെ മുഖ്യമന്ത്രി എത്തുന്ന ജില്ലകളിലെയും സമീപപ്രദേശത്തെയും ലോക്കല്‍, സ്പെഷല്‍ ബ്രാഞ്ച് പൊലീസിനെ എല്ലാ വേദികളിലും വഴിയിലുടനീളവും വിന്യസിക്കും. മുന്‍പൊരു മുഖ്യമന്ത്രിക്കും നല്‍കാത്ത അതിസുരക്ഷയാണു പിണറായി വിജയനു പൊലീസ് ഉന്നതര്‍ മല്‍സരിച്ചു കാഴ്ചവയ്ക്കുന്നത്. പൈലറ്റും എസ്കോര്‍ട്ടും വേണ്ടെന്നു പറഞ്ഞ് അധികാരത്തിലേറിയ വ്യക്തിക്കാണ് ഈ സുരക്ഷാകവചം.
കെവിന് വിഷയമുണ്ടായ വേളയില്‍ കോട്ടയത്ത് മുഖ്യമന്ത്രി എത്തിയപ്പോള്‍ സുരക്ഷ ഒരുക്കാന്‍ ലോക്കല്‍ പൊലീസില്‍നിന്നു നിയോഗിച്ചതു 320 പേരെയായിരുന്നു. ഇതില്‍ ഡിവൈഎസ്പിമാര്‍ മുതല്‍ വനിതാ പൊലീസുകാര്‍ വരെ ഉള്‍പ്പെടും. ഇരുപതിലേറെ പേരടങ്ങിയ സ്പെഷല്‍ ബ്രാഞ്ച് പട. സ്ഥിരമായി ഒപ്പം സഞ്ചരിക്കുന്ന ഗണ്മാന്, പൈലറ്റ്, എസ്കോര്‍ട്ട്, കമാന്‍ഡോകള്‍ എന്നിവരുടെ 17 അംഗ സംഘം വേറെ. പിണറായി പങ്കെടുക്കുന്ന സ്ഥലങ്ങളില്‍ മാത്രമല്ല, വഴിനീളെ പൊലീസിനെ വിന്യസിച്ചാണു സുരക്ഷ ഒരുക്കുന്നത്.
ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവരടങ്ങുന്ന സുരക്ഷാ സമിതിയാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമെല്ലാം സുരക്ഷ തീരുമാനിക്കുന്നത്. ഇടയ്ക്കിടെ ഇന്റലിജന്‍സില്‍നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ട് വാങ്ങി സുരക്ഷാ സംഘത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിലാണ് ഇവരുടെ താല്പര്യം. മുഖ്യമന്ത്രി പോകുന്ന വഴിയിലും വേദികളിലും പൊലീസുകാര്‍ രണ്ടു മണിക്കൂര്‍ മുന്‍പേ റിപ്പോര്‍ട്ട് ചെയ്യണം. പ്രധാനമന്ത്രിയും മറ്റും പോകുന്നതിനു സമാനമായി ഗതാഗതം തടയുന്നു എന്നാണ് അന്ന് പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍.
