വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മലാല യൂസഫ് സായിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത താലിബാന് ഭീകരന് മൗലാന ഫസലുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച് അമേരിക്കന്‍ സൈന്യമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഇയാളോടൊപ്പം തെഹ്രീക് ഇ താലിബാന്റെ മറ്റ് നാല് നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ അമേരിക്കന്‍ മാദ്ധ്യമമായ വോയ്സ് ഓഫ് അമേരിക്കയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഇസ്റ്റേണ്‍ കുണാര്‍ പ്രവിശ്യയില്‍വച്ച് ഭീകരവാദി നേതാവ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് കേണല്‍ മാര്ട്ടിന് ഒ.ഡോണ്ല് അറിയിച്ചത്. എന്നാല്‍ ഇത് തെഹ്രീക് ഇ താലിബാന് സ്ഥിരീകരിച്ചിട്ടില്ല.
പെഷവാര്‍ ആര്‍മി പബ്ലിക്ക് സ്കൂളില്‍ 132 പേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പ്പ് അടക്കമുള്ളതിന് നേതൃത്വം നല്‍കിയത് മൗലാന ഫസലുള്ളയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്ത്തിയെന്നതിന്റെ പേരിലായിരുന്നു 2012ല്‍ മലാല യൂസഫ് സായിക്കെതിരെ അക്രമമുണ്ടായത്. പിന്നീട് 2014ല്‍ മലാലയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചു.
