ദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം; ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിച്ച് രാഹുല്‍

ജാഗണ്‍: ആര്‍.എസ്.എസിന്‍റെയും ബിജെപിയുടെയും വിഷ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ജാഗണ്‍ ജില്ലയിലെ ഗ്രാമത്തില്‍ നടന്ന സംഭവമാണ് വിമര്‍ശനത്തിനാധാരം.
പൊതുകുളത്തില്‍ കുളിച്ചതിന് മൂന്ന് ദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിക്കാന്‍ കാരണമായത്.

മാനവികതയുടെ മഹത്വം നഷ്ടപ്പെടുവെന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ല എന്നും അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചു.

ചൂട് സഹിക്കാനാവാതെയാണ് മൂന്ന് ദളിത് ആണ്‍കുട്ടികള്‍ പൊതു കുളത്തില്‍ മുങ്ങിക്കുളിച്ചത്. സംഭവം കണ്ട പരിസരവാസികളില്‍ ചിലര്‍ കൂടുതല്‍ പേരെ വിളിച്ചുകൂട്ടി കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു. 14, 15 ,16 വയസ്സ് പ്രായമുള്ള ഈ കുട്ടികളെ മര്‍ദ്ദിച്ചശേഷം നഗ്നരാക്കി ചെരിപ്പുമാലയിട്ട് ഗ്രാമത്തിലെ പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഈ വാര്‍ത്ത‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറം ലോകം അറിഞ്ഞത്. വൈറലായ ഈ സംഭവത്തിനെതിരെ നിരവധിയാളുകള്‍ പ്രതികരണവുമായെത്തി.

അതേസമയം, സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മഹാരാഷ്ട്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ദിലിപ് കാംബ്ലേ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *