ഇനി പുറത്ത് കടക്കാന്‍ പറയില്ല; മാധ്യമങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: നിര്‍ണായക നിമിഷങ്ങളിലും മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആജ്ഞാപിച്ച്‌ അകറ്റിനിര്‍ത്തിയ മുഖ്യമന്ത്രി അനുരഞ്ജനത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സമീപനത്തില് മാറ്റം വരുത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനം ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇനിമുതല്‍ മുഖ്യമന്ത്രി ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കും. ഓരോ വിഷയത്തിലും കൃത്യമായ വിവരം നല്‍കാന്‍ കഴിവുള്ള ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമായിരിക്കും മുഖ്യമന്ത്രി ഇനി മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കുക.

മാധ്യമങ്ങള്‍ ചോദ്യങ്ങളുന്നയിക്കുന്ന വിഷയം പൊലീസുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഡിജിപി, റേഞ്ച് ഐജി എന്നിവരും വിഷയം ഭരണ രംഗവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചീഫ് സെക്രട്ടറിയും അതത് വകുപ്പിന്റെ ചീഫ് സെക്രട്ടറിമാരും മുഖ്യമന്ത്രിയോടൊപ്പം വിശദീകരണം നല്‍കാനുണ്ടാകും. വിവാദങ്ങളുണ്ടാകുമ്ബോള്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന പ്രവണതയുടെ പേരില്‍ ഭരണ നേതൃത്വം പഴി വാങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ച ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷപ്രകടനം നടത്തിയത് ഏറെ വിവാദമായിരുന്നു. യോഗത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് കയര്‍ത്ത, മുഖ്യമന്ത്രി എല്ലാവരെയും പുറത്താക്കിയ ശേഷമാണ് ചര്‍ച്ച നടക്കുന്ന ഹാളില്‍ കയറിയത്.

മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ശകാരിച്ച്‌ പുറത്താക്കുമ്ബോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച. പിന്നീട് ചര്‍ച്ചയ്ക്ക് ശേഷവും ഇതേ സംബന്ധിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോ, കോടിയേരി ബാലകൃഷ്ണനോ തയ്യാറായില്ല.

പിന്നീട് ഇതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ ഇത്തരം ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ച നടക്കുന്ന ഹാളിനുള്ളിലായിരുന്നു അതുകൊണ്ടാണ് പുറത്ത്‌പോകണമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയിരുന്നു. ചര്‍ച്ചയുടെ ആദ്യ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുവാദവും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *