തിരുവനന്തപുരം: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കരാറുകളുണ്ടാക്കുമ്ബോള്‍ അത് ബാധകമാവുന്ന സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ‘അന്താരാഷ്ട്ര കരാറുകള്‍ കര്‍ഷകരുടെ സുരക്ഷിത ജീവനോപാധിയ്ക്ക് ‘ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാര്‍ഷിക രംഗത്ത് അന്താരാഷ്ട്ര കരാറുകളിലേര്പ്പെടുമ്ബോള് പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്ന നിബന്ധന കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരാറുകള്‍ സംബന്ധിച്ച് പാര്‍ലമെന്റ് വിശദമായി ചര്‍ച്ച ചെയ്യണം. കൃഷി സംസ്ഥാന വിഷയമാണ്. എന്നാല്‍ അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കുമ്ബോള്‍ അത് ബാധിക്കുന്ന സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. അന്താരാഷ്ട്ര കരാറുകളുണ്ടാക്കുമ്ബോള്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും താത്പര്യങ്ങള്‍ മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യയില്‍നിന്നും പഞ്ചസാര കയറ്റുമതിചെയ്യാന്‍ അന്താരാഷ്ട്ര കരാറുണ്ടാക്കിയപ്പോള്‍ അതിന്റെ ഗുണം ഇന്ത്യയിലെ കരിമ്ബുകര്ഷകര്ക്ക് ലഭിച്ചില്ല. വിദേശത്തുനിന്ന് കരിമ്ബ് ഇറക്കുമതി ചെയ്താണ് പഞ്ചസാര ഉത്പാദനം വര്‍ദ്ധിപ്പിച്ചത്.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബറിന്റെ 80 ശതമാനവും കേരളത്തില്‍നിന്നാണ്. എന്നാല്‍ ഇന്ത്യയിലെ റബര്‍ കയറ്റുമതി ക്ലസ്റ്ററില്‍ കേരളത്തില്‍നിന്ന് ഒരു ജില്ല പോലുമില്ല. വൈവിദ്ധ്യമുള്ള വാഴപ്പഴം കൃഷി ചെയ്യുന്നതും കേരളത്തിലാണ്. എന്നാല്‍ വാഴപ്പഴം കയറ്റുമതി ക്ലസ്റ്ററിലും കേരളമില്ല. കശുവണ്ടി, കുരുമുളക്, നാളികേരം, തേയില എന്നിവയ്ക്ക് കയറ്റുമതി ക്ലസ്റ്ററില്ല. ഈ മേഖലയ്ക്ക് ക്ലസ്റ്റര്‍ രൂപീകരിച്ച് കേരളത്തെ അതില്‍ ഉള്‍പ്പെടുത്തണം.
കര്‍ഷകരെ പരമാവധി സംരക്ഷിക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കേരളത്തില്‍ 2.9 ശതമാനം വളര്‍ച്ചയുണ്ടായി. മുമ്ബ് നെഗറ്റീവ് ഗ്രോത്ത് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്. കര്‍ഷകര്‍ക്ക് സുരക്ഷിത ജീവിതവും ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണവും ഉറപ്പാക്കിയാണ് കര്‍ഷകക്ഷേമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും പിണറായി വ്യക്തമാക്കി.
