യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ സംഭവം; ഭര്‍ത്താവും സഹോദരങ്ങളും പിടിയില്‍

ന്യൂഡല്‍ഹി: യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് വെട്ടി നുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ജൂണ്‍ 21ന് കണ്ടെത്തിയ മൃതദേഹം ആരുടെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവുകളും കണ്ടെത്താനും സാധിച്ചിരുന്നില്ല.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുഎഇയില്‍ നിന്ന് ജാവേദ് അക്തര്‍ എന്നയാള്‍ക്കു വന്ന പെട്ടിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. ഈ വിവരത്തെ തുടര്‍ന്ന് പൊലീസ് ജാവേദിനെ സമീപിക്കുകയായിരുന്നു. ഈ പെട്ടി ഷഹീന്‍ ബാഗിലെ തന്റെ ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അത് സാജിദ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ഇതേ തുടര്‍ന്ന് പൊലീസ് ആ ഫ്‌ളാറ്റില്‍ എത്തിയെങ്കിലും അത് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സാജിദിനെ ജാമിയ നഗറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കൊപ്പം രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

സാജിദിന്റെ ഭാര്യയായ ജൂഹി(30) ആണ് കൊല്ലപ്പെട്ടത്. സാജിദിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെ ജൂഹി എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *