വ്യാജരേഖ ചമക്കല്‍: അധ്യാപകന് സസ്‌പെന്‍ഷന്‍

പാലക്കാട്-സ്‌കൂള്‍ മാനേജരുടെ വ്യാജ ഒപ്പിട്ട് വ്യാജരേഖകളുണ്ടാക്കി അധ്യാപക നിയമനം നടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല ഡോ.കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ആര്‍.രാജേഷിനെ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സസ്‌പെന്റ് ചെയ്തു.തൃത്താല എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് കെ.വി.മുസ്തഫ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
നേരത്തെ സ്‌കൂളിന്റെ മാനേജരായിരുന്ന പൊന്നേരി അബ്്ദുറഹ്്മാന്റെ ഒപ്പ് വ്യാജമായി ഇട്ട് വ്യാജരേഖകളുണ്ടാക്കി പുതിയ അധ്യാപകരെ നിയമിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിലേക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും തൃത്താല എജുക്കേഷണല്‍ സൊസൈറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം സ്‌കൂളിലും മാനേജരുടെ വീട്ടിലും ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസിലും മിന്നല്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമക്കല്‍ നടന്നതായും അധ്യാപകനായ രാജേഷിന് ഇക്കാര്യത്തില്‍ ഒറ്റപ്പാലം വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് സഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അസുഖ ബാധിതനായ മാനേജര്‍ പൊന്നേരി അബ്്ദുറഹ്്മാന് മറ്റൊരാളുടെ സഹായമില്ലാതെ കടലാസുകളില്‍ ഒപ്പിടാനാവില്ലെന്നും മാനേജരുടെ ഒപ്പ് അധ്യാപകനായ രാജേഷ് വ്യാജമായി ഇട്ടതാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ സ്‌കൂളിലെ രേഖകളില്‍ മാനേജര്‍ ഇട്ടിരുന്ന ഒപ്പും അധ്യാപക നിയമനത്തിനായി സമര്‍പ്പിച്ച രേഖകളിലെ ഒപ്പും സാമ്യമില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂളിന്റെ ഭരണം നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണെന്നിരിക്കെ അധികൃതരുടെ അനുമതി കൂടാതെ സ്‌കൂളില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനും പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതിനും അധ്യാപകനായ രാജേഷ് ശ്രമങ്ങള്‍ നടത്തി. കെട്ടിട നിര്‍മാണത്തിനായി ചില അധ്യാപകരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം രാജേഷ് വാങ്ങിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ അധ്യാപകരെ രാജേഷ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ അധ്യാപകരില്‍ നിന്നും തെളിവെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *