മലപ്പുറം:നെയ്മറുടെ മുഖത്ത് യുവത്വത്തിന്റെ പ്രസരിപ്പുണ്ട്.മെസ്സിയുടെ മുഖത്ത് അനുഭവസമ്പത്തിന്റെ ശാന്തതയും.കരുത്തിന്റെ പേശി ബലവുമായി ക്രിസ്റ്റ്യാനോ റെണാള്‍ഡോ ആക്രോശിക്കുന്നു…ഈ വര്‍ണ്ണവരകളില്‍ എല്ലാം വ്യക്തമായി പ്രതിഫലിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ ഭാവനയില്‍ വിടര്‍ന്ന ലോകഫുട്ബാളിലെ താരങ്ങള്‍ കാന്‍വാസില്‍ ജ്വലിക്കുന്നു.മലപ്പുറത്ത് നടക്കുന്ന ലോകകപ്പ് കാരികേച്ചര്‍ പ്രദര്‍ശനം ചിത്രകലയിലെ പുതുവഴികളുടെ വിസ്്മയക്കാഴ്ചയാകുകയാണ്.
മലപ്പുറം പ്രസ്‌ക്ലബ്ബും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്്മയും ചേര്‍ന്നാണ് റഷ്യന്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം പ്രസ്‌ക്ലബ്ബ് ബില്‍ഡിംഗില്‍ കാരികേച്ചര്‍ പ്രദര്‍ശനമൊരുക്കിയത്. ലോകകപ്പ് കഴിയുന്നതു വരെ പ്രദര്‍ശനവുമുണ്ട്.
ലോകഫുട്ബാളിലെ ഇതിഹാസ താരങ്ങള്‍ കാരിക്കേച്ചറുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.മുന്‍കാല താരങ്ങളായ ഡീഗോ മറഡോണ മുതല്‍ യുവതലമുറയുടെ ആരാധനാ പാത്രങ്ങളായ നെയ്മറും മെസ്സിയും റെണാള്‍ഡോയുമൊക്കെ പല വര്‍ണങ്ങളില്‍ കാണികള്‍ക്ക് മുന്നിലെത്തുകയാണ്.ഫുട്ബാള്‍ പ്രേമികളെ പ്രതിഭാ സ്പര്‍ശം കൊണ്ട് അമ്പരപ്പിച്ച ലോക താരങ്ങളായ റൂഡ് ഗുളളിറ്റ്, കാര്‍ലോസ് വാള്‍ഡ്രാമ,ബാസ്റ്റിറ്റിയൂട്ട,റൊണാള്‍ഡീഞ്ഞോ,സെര്‍ജിയോ റാമോസ്, ഡീഗോ കോസ്റ്റ,പിര്‍ലോ ,ഗോള്‍കീപ്പര്‍ ഹിഗ്വിറ്റ,ഇന്ത്യന്‍ താരങ്ങളായ ബൈചൂങ്ങ് ബൂട്ടിയ, സുനില്‍ ഛേത്രി തുടങ്ങിയ താരങ്ങളാണ് പ്രദര്‍ശനചിത്രങ്ങളിലുള്ളത്.
വിവിധ ജില്ലകളിലായി കാര്‍ട്ടൂണ്‍,കാരികേച്ചര്‍ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പത്തിലേറെ ചിത്രകാരന്‍മാരാണ് പ്രദര്‍ശനമൊരുക്കിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഉസ്്മാന്‍ ഇരുമ്പുഴി, ബഷീര്‍ കീഴിശേരി,ബാദുഷ,ഗിരീഷ്, നവാസ്,അര്‍ജുന്‍,നൗഷാദ്,ദിനേശ് സാലി,ഡോ.കെ.സുനില്‍,ജോഷി ജോസ്,ഷഹനാസ് തുടങ്ങി നിരവധി ചിത്രകാരന്‍മാരുടെ കലാവൈഭവം പ്രദര്‍ശനത്തില്‍ പ്രകടമാണ്.
ഫുട്ബാളും ചിത്രകലയും തമ്മിലുള്ള ആത്്മബന്ധമാണ് പ്രദര്‍ശനത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്.
