കേരളം പഴയ കേരളമല്ല, വികസനത്തിനുള്ള തടസങ്ങള്‍ മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ പഴയ കേരളമല്ലെന്നും അനാവശ്യ എതിര്‍പ്പുകളും തടസങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഫിലാഡെല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് ജനങ്ങള്‍ സഹകരിക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില ഉറപ്പാക്കിയിട്ടുണ്ട്. മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കാന്‍ 10,000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യയുടെ പ്രകൃതിവാതക പൈപ്പ് ലൈന്‍ ഏതാനും മാസംകൊണ്ട് യാഥാര്‍ത്ഥ്യമാകും. അതോടെ നിരവധി വ്യവസായങ്ങള്‍ക്ക് പ്രകൃതിവാതകം പൈപ്പ് ലൈന്‍ വഴി നല്‍കാന്‍ കഴിയും. കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പങ്ക് വഹിച്ചത് പ്രവാസികളുടെ പണമാണ്. അമേരിക്കയിലെ ഫോബ്സ് മാസികയുടെ കണക്കില്‍ ലോകത്തിലെ ആയിരം സമ്ബന്നരുടെ പട്ടികയില്‍ നാലു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. മലയാളികളുടെ മൂലധനത്തിന്റെ വളര്‍ച്ചയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങും. അഞ്ചാമത്തെ വിമാനത്താവളം ശബരിമല കേന്ദ്രീകരിച്ച്‌ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു.

ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നുപെട്ടാലും അവിടുത്തെ പൊതു സാമൂഹ്യ ജീവിതവുമായി വളരെ പെട്ടെന്ന് താദാത്മ്യം പ്രാപിക്കുന്നതാണ് മലയാളികളുടെ പ്രത്യേകത. അതു ചെയ്യുമ്ബോള്‍ത്തന്നെ സ്വന്തം സ്വത്വവും സംസ്‌കാരവും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുകയും ചെയ്യും. ആ നിലയ്ക്കുള്ള ജാഗ്രതയാണ് ഫൊക്കാന പുലര്‍ത്തുന്നത്. ഫൊക്കാനയും മലയാളികളുടെ മറ്റൊരു സംഘടനയായ ഫോമയും ഒന്നിക്കണം.ഇതിന് ഫൊക്കാന മുന്‍കൈയെടുക്കണം. അമേരിക്കയില്‍ രണ്ട് മലയാളി സംഘടനകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒന്നിച്ചു നിന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. ലോക കേരള സഭയ്ക്ക് പ്രത്യേക സെക്രട്ടേറിയേറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിരുകളാല്‍ മാത്രം അറിയപ്പെടേണ്ടതല്ല കേരളം. അതിര്‍ത്തികള്‍ ലംഘിച്ച്‌ ആഗോളതലത്തില്‍ അറിയപ്പെടേണ്ട രാജ്യമായി മാറണം കേരളവും മലയാളികളും. അതിനുവേണ്ടിയാണ് പേരുപോലെ തന്നെ അര്‍ത്ഥപൂര്‍ണമായുള്ള ലോക കേരളസഭ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *