നടകീയതയും അപ്രവചനാതീതവുമായിരുന്ന 63 മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇനി ഫൈനല്‍ മാമാങ്കം. റഷ്യന്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് വിരാമം. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തില്‍ കരുത്തരായ ഫ്രാന്‍സ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി ഫൈനലില്‍ പ്രവേശിച്ച ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആണ് കിക്കോഫ്.
1998ല്‍ ആദ്യമായ് ഫ്രാന്‍സ് ലോകകപ്പില്‍ ചുംബിക്കുമ്ബോള്‍ അന്നത്തെ ക്യാപ്റ്റന്‍ ആയിരുന്ന ദിദിയര്‍ ദെശാംപ്സിന്റെ കീഴില്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു ഫൈനലിന് ഇറങ്ങുമ്ബോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഫ്രാന്‍സ് പ്രതീക്ഷിക്കുന്നില്ല. 2016 യൂറോയില്‍ ഫൈനലില്‍ പരാജയപെട്ടത് പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ കരുതികൂട്ടിയായിരിക്കും ഫ്രാന്‍സ് ഇറങ്ങുക. എമ്ബാപ്പെയും ഗ്രീസ്മാനും അടങ്ങുന്ന മുന്നേറ്റ നിരയും, പോഗ്ബയും കന്റെയും അടങ്ങുന്ന മധ്യനിരയും മികച്ച ഫോമിലാണ്. മറ്റുഡി പരിക്ക് മൂലം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്, മറ്റുഡി ഇല്ലെങ്കില്‍ ടോളിസോക്ക് അവസരം ലഭിക്കും.
98ല്‍ ആയിരുന്നു ക്രൊയേഷ്യയുടെ ലോകകപ്പ് അരങ്ങേറ്റം. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലിനാണ് മോഡ്രിചും സംഘവും ഇറങ്ങുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്ബ് ക്രൊയേഷ്യ ഫൈനല്‍ കളിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പൊരുതി നേടിയ വിജയങ്ങളുമായാണ് ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടാന്‍ ഇറങ്ങുന്നത്, 120 മിനിറ്റ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ കളിച്ച ക്രൊയേഷ്യ ഫ്രാന്‍സിന് മുന്നില്‍ കടുത്ത വെല്ലുവിളി തന്നെയായിരിക്കും ഉയര്‍ത്തുക. മോഡ്രിച്, റാകിറ്റിച്, പെരിസിച്, റെബിച് തുടങ്ങിയവര്‍ എല്ലാം ഫോമിലാണ് എന്നത് ക്രൊയേഷ്യക്ക് ഗുണം ചെയ്യും.
ലുസ്നിക്കി സ്റ്റേഡിയത്തില്‍ കരുത്തുറ്റ ഒരു പോരാട്ടം തന്നെ നമുക്കു പ്രതീക്ഷിക്കാം. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പിന് അര്‍ഹിച്ച ഒരു ഫൈനല്‍ തന്നെയായിരിക്കും ഇന്ന് നടക്കുക.
