മലപ്പുറം-പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനും മുജാഹിദ് നേതാവുമായിരുന്ന കരുവള്ളി മുഹമ്മദ് മൗലവി (100) നിര്യാതനായി.
കേരളത്തിലെ ആദ്യ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായിരുന്ന അദ്ദേഹം മികച്ച സംഘാടകനുമായിരുന്നു. മലപ്പുറം മക്കരപറമ്പ് കരിഞ്ചാപ്പാടിയിലെ ഖത്വീബായിരുന്ന കരുവള്ളി ഹൈദര്‍ മുസ്ല്യാരുടെയും കടുങ്ങപുരം കരുവടി കദീജയുടെയും പുത്രനായി 1919 ലാണ് ജനനം. പുണര്‍പ്പ യു.പി സ്കൂളിള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം നോര്‍ത്ത് ദാറുസ്സലാം അറബി കോളേജ്, ചെന്നൈ നോര്‍ത്ത് ആര്‍ക്കാഡ് യുനിവേഴ്സിറ്റി, മദ്രാസ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് അറബികില്‍ ബിരുദങ്ങള്‍ നേടിയ അദ്ദേഹം മലബാറില്‍ മുസ്ലിം സമുദായത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പഴയ തലമുറയിലെ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഉറുദു, തമിഴ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നേടി. സംസ്ഥാനത്തെ ആദ്യത്തെ അറബി മുന്‍ഷിമാരില്‍ ഒരാളായിരുന്നു മൗലവി.
1940 ല്‍ പെരിന്തല്‍മണ്ണ ഗവ: ഹൈസ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതതുടക്കം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ തൃശൂര്‍ ജില്ലയിലെ വലപ്പാട്, ചാവക്കാട്, കാസര്‍കോഡ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. ഒരു വര്‍ഷം കോലാറില്‍ സ്വര്‍ണ ഖനിയില്‍ പ്യൂണ്‍ ആയി ജോലി ചെയ്തു.മലപ്പുറം ഹൈസ്കൂളില്‍ ഉറുദു അധ്യാപകനായി ജോലി ലഭിച്ചതോടെ നാട്ടില്‍ തിരിച്ചെത്തി. കാസര്‍ഗോഡ് സ്കൂള്‍ ഇന്‍സ്പെക്ടറും മലപ്പുറം ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അറബി അധ്യാപകനുമായിരുന്നു.
1962 ല്‍ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി.1974ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. കേരളത്തില്‍ അറബി അധ്യാപകരെ സംഘടിപ്പിച്ച അറബിക് പണ്ഡിറ്റ് യൂനിയന്‍ രൂപം നല്കി. സംഘടനയുടെ ആദ്യ സെക്രട്ടറിയും കരുവള്ളിയായിരുന്നു. ഹൈസ്കൂളുകളില്‍ മാത്രമുണ്ടായിരുന്ന അറബിക് പഠനം എല്‍ പി സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയയെ കണ്ട് നിവേദനം നല്കി. തുടര്‍ന്ന് നൂറ് അറബി പഠനാര്ത്ഥികളുള്ള സ്കൂളില്‍ ഒരു അറബി അധ്യാപകനെ നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി.
കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്റെ പ്രഥമ അദ്ധ്യക്ഷനായ അദ്ദേഹം റിട്ടയര്‍മെന്റിന് ശേഷം മലപ്പുറം കോട്ടപ്പടിയില്‍ ‘മൗലവി ആന്റ് കമ്പനി ‘ എന്ന പേരില്‍ ചായപ്പൊടിയുടെ മൊത്ത വ്യാപാരവും ചില്ലറ വില്‍പ്പനയും നടത്തിയിരുന്നു.
എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാര്‍ മുസ്ലിം അസോസിയേഷന്, കാലികറ്റ് മുസ്ലിം അസോസിയേഷന് പ്രസിഡന്റ്, എം.എസ്.എസ് സംസ്ഥാന സമിതി ചെയര്മാന്, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്മാന്, സലഫി വിദ്യഭ്യാസ ബോര്‍ഡ് സെനറ്റ് മെമ്പര്‍, ഇസ്ലാമിക് സെമിനാര്‍ കൗണ്‍സില്‍ അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ എക്ലിക്യുട്ടീവ് മെമ്പര്‍, ഇത്തിഹാദുല്‍ മുഅല്ലിമീന്‍ അറബിയ്യ അല്‍ മുതഖാഇദീന്‍ (ഇമാം) പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
കേരള വിദ്യാഭ്യസ വകുപ്പ് ടെക്സ്റ്റബുക്ക് പരിശോധന സമിതി മെമ്പര്‍, സര്‍ക്കാര്‍ പരീക്ഷാ ബോര്‍ഡ് മെമ്പര്‍, ജില്ലാ സാക്ഷരതാ മിഷന് അക്കാദമിക് ചെയര്മാന്, തുടര്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാര്‍, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ്ങ് മോണിറ്റിങ്ങ് കമ്മിറ്റി അംഗം, മലപ്പുറം ജില്ലാ അനാഥശാലാ ജനറല്‍ സിക്രട്ടറി, കരിഞ്ചാപ്പാടി സലഫി മസ്ജിദ് ഖാസി, ഖത്തീബ്, കടുങ്ങപുരം ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്റ്, കെ.എന്‍.എം ജില്ലാ പ്രസിഡന്റ് തുടങ്ങി ഏഴ് പതിറ്റാണ്ടോളം വിവിധ പദവികള്‍ വഹിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആദ്യ ഭാര്യ ആയിഷയുടെ മരണത്തെ തുടര്‍ന്ന് മറിയുമ്മയെ വിവാഹം കഴിച്ചു. മക്കള്‍: ഷമീമ, നജിയ.മരുമക്കള്‍:ഹനീഫ കോട്ടക്കല്‍ ക്ലാരി, ഷമീര്‍ വേങ്ങര (എഞ്ചിനീയര്‍ അബുദാബി)
