എല്‍.ഡി.എഫ് വിപുലപ്പെടുത്താന്‍ സി.പി.എമ്മില്‍ ധാരണ; പാര്‍ട്ടികളെ എല്‍.ഡി.എഫിന് തീരുമാനിക്കാം

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണ. പുതിയ പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കണമെന്ന നിര്‍ദേശത്തിനാണ് സംസ്ഥാന സമിതി അംഗീകാരം നല്‍കിയത്. എന്നാല്‍ ഏതൊക്കെ കക്ഷികളെയാണ് മുന്നണിയിലേക്ക് എടുക്കേണ്ടത് എന്ന തീരുമാനം എല്‍.ഡി.എഫിന് വിട്ടു. ഇക്കാര്യം ഈ മാസം 26ന് (വ്യാഴാഴ്ച) ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ മുന്നണിയുടെ ഭാഗമാകാന്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ് ഇതില്‍ പ്രധാനം. യു.ഡി.എഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍.ഡി.എഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശം ഇതുവരെ സാധ്യമായിരുന്നില്ല. നിലവില്‍ മുന്നണിയുടെ ഭാഗമായ ജനതാദള്‍-എസില്‍ ലയിച്ച്‌ എല്‍.ഡി.എഫില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവുമുണ്ട്.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍.ബാലകൃഷ്ണപിള്ള വിഭാഗം എന്നിവയെല്ലാം മുന്നണിയുടെ ഭാഗമല്ലാതെ മുന്നണിയെ പിന്തുണയ്ക്കുകയാണ്. നിലവില്‍ മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവുമായി കേരള കോണ്‍ഗ്രസുകള്‍ ലയിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കേരള കോണ്‍ഗ്രസ് കെ.എം മാണി വിഭാഗം യു.ഡി.എഫില്‍ തിരികെ പ്രവേശിച്ചതോടെ ഒരു മുന്നണിയിലും ഭാഗമല്ലാത്ത പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയും എല്‍.ഡി.എഫിലാണ് പ്രതീക്ഷ വച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *