പ്രണയിച്ചതിന‌് കോളേജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം. വര്‍ക്കല സിഎച്ച്‌എംഎം കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജ്മെന്റിനെതിരെ ബിബിഎ വിദ്യാര്‍ഥികളായ വൈശാഖ‌്, മാളവിക ബാബു എന്നിവര്‍ നല്‍കിയ കേസിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ വിധി. മാനേജ്മെന്റിന്റെ അധികാരം വിദ്യാര്‍ഥികളുടെ വ്യക്തിപരമായ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമാക്കരുതെന്ന് സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു.
പ്രണയിച്ച് വിവാഹിതരായത് അച്ചടക്കലംഘനമാണെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം. വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണെന്നും അതിലിടപെടാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രണയിക്കാനും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുമുള്ള വ്യക്തിപരമായ അവകാശം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കെ എസ് പുട്ടസ്വാമി കേസില്‍ 2017ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ മാളവികയ‌്ക്ക‌് രണ്ടാഴ്ചയ്ക്കകം കോളേജില്‍ പുനഃപ്രവേശം നല്‍കണമെന്നും മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ വൈശാഖിന് ആവശ്യമായ രേഖകള്‍ നല്‍കണമെന്നും ഉത്തരവിലുണ്ട‌്. ഇരുവരും സംസാരിക്കുന്നതിനും കോളേജില്‍ വിലക്കുണ്ടായിരുന്നു. പെണ്‍കുട്ടിയെ വേറെ വിവാഹം കഴിപ്പിക്കാനും കോളേജധികൃതര്‍ രക്ഷാകര്‍ത്താക്കളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ജൂണ്‍ 14ന് വിവാഹം രജിസ്റ്റര്‍ചെയ്തു.
വിവാഹശേഷം കോളേജില്‍ചെന്ന ഇരുവരോടും ടിസി വാങ്ങി പോകാന്‍നിര്‍ദേശിക്കുകയായിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, മുസ്ലിം എഡ്യുക്കേഷണല്‍ ട്രസ്റ്റ‌് സെക്രട്ടറി, സിഎച്ച്‌എംഎം കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
