മലപ്പുറം: പട്ടികജാതി വിഭാഗത്തിലെ ചലനശേഷി വൈകല്യമുള്ളവര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൈഡ് വീല്‍ സ്കൂട്ടര്‍ വിതരണ പദ്ധതി ‘ശുഭയാത്ര’ പ്രകാരം 40 സ്കൂട്ടറുകള് വിതരണം ചെയ്തു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന സ്കൂട്ടര്‍ വിതരണോദ്ഘാടനം പട്ടികജാതി-പിന്നാക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ സരോജിനി താക്കോല്‍ ഏറ്റുവാങ്ങി. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി.
ഭിന്നശേഷിക്കാര്‍ക്കുള്ള സ്കൂട്ടര്‍ വിതരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫണ്ട് കുറവായതിനാല്‍ വളരെ കുറഞ്ഞ ഗുണഭോക്താക്കള്‍ക്ക് മാത്രമേ പദ്ധതി ആനുകൂല്യം ലഭിക്കുന്നുള്ളൂവെന്നും അതിനാലാണ് കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി സംസ്ഥാനതലത്തില്‍ ഇത്തരത്തിലൊരു പദ്ധതി വികലാംഗക്ഷേമ കോര്പ്പറേഷന് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി ഭവന നിര്‍മാണ ധനസഹായം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയത്, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍, ലാപ്ടോപ്, എന്നിവയടക്കം നിരവധി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി ക്ഷേമത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കാനായത് സര്‍ക്കാറിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്തെയും സമീപ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി പ്രകാരം സ്കൂട്ടറുകള് നല്‍കിയത്. സ്കൂട്ടറിന് അപേക്ഷിച്ച് രേഖകള്‍ നല്കാന് ബാക്കിയുള്ളവര്‍ക്ക് ബാക്കി രേഖകള്‍ നല്കുന്ന മുറയ്ക്ക് സ്കൂട്ടറുകള് നല്‍കുമെന്ന് വികലാംഗക്ഷേമ കോര്പ്പറേഷന് മാനെജിങ് ഡയറക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്, മലപ്പുറം നഗരഭാ അധ്യക്ഷ സി.എച്ച്. ജമീല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, നഗരസഭാംഗം സെലീന ടീച്ചര്‍, വികലാംഗക്ഷേമ കോര്പ്പറേഷന് മാനെജിങ് ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സുഭാഷ് കുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലതാ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൊറ്റാമം വിമല്‍കുമാര്‍, കലാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
