ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. മന്ത്രിമാര്‍ രണ്ടു തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യംവന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.
അതേസമയം ഡാമിന്റെ അഞ്ചു ഷട്ടറുകളും ഒരുമിച്ച് തുറക്കില്ലെന്നും ഘട്ടം ഘട്ടമായിട്ടാകും ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുകയെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടി ആയി. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴുമുണ്ട്.
