ബലിതര്‍പ്പണത്തിനെത്തുന്നവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം: റവന്യു മന്ത്രി

കൊച്ചി:  എല്ലായിടത്തും ഭക്ഷ്യധാന്യമെത്തിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് സാധ്യമാകാത്ത അവസ്ഥയുണ്ടെങ്കില്‍ പുറമെ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിനുള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ആലുവയില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ആളുകളെ സംബന്ധിച്ച്‌ റവന്യു വകുപ്പിന്റെ കൃത്യമായ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സഹായം അവര്‍ക്കു കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

നഗരത്തിലെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്ക് നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കി.തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്നുണ്ട്. വാവുബലിക്കായി എത്തുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിനെ കുറിച്ചുള്ള സന്ദേശം നല്‍കാന്‍ തീരുമാനിച്ചു. കുടിവെള്ളം ഏത് തരത്തിലാണ് എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച്‌ ഓരോ പ്രദേശത്തേയും സാഹചര്യം അനുസരിച്ച്‌ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് ദേവസ്വംബോര്‍ഡ് അധികൃതരുമായി സംസാരിക്കുന്നുണ്ട്. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച്‌ സംസാരിച്ചിട്ടുണ്ട്. അടിയന്തരമായി നടപ്പാക്കേണ്ട തീരുമാനങ്ങളാണ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *