5.8 കോടി ആസ്തിയുള്ള കമ്ബനിക്ക് 97.35 കോടി വായ്പ ; അമിത് ഷായ്ക്കും മകനുമെതിരെ ആരോപണം

ന്യൂഡല്‍ഹി : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും മകന്‍ ജയ്ഷായ്ക്കുമെതിരെ പുതിയ ആരോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്ക് വന്‍ തുക വായ്പ ലഭിക്കാന്‍ ലാഭം കൂട്ടികാണിച്ചതായി കാരവന്‍ മാസികയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജയ്ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി എന്ന കമ്ബനിയാണ് ലാഭം പെരുപ്പിച്ച്‌ കാണിച്ചത്.

2016 ല്‍ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപുര്‍ കൊമേഴ്‌സ്യല്‍ കോപ്പറേറ്റീവ് ബാങ്കില്‍ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ പണയം വെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കുസും ഫിന്‍സെര്‍വ് കമ്ബനിക്ക് വേണ്ടി 25 കോടി വായ്പയെടുത്തിരുന്നു. ഇതേ വര്‍ഷം അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ്ഷായുടെ കമ്ബനി വായ്പ എടുത്തത്.

പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്ബനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്തിയുള്ള കമ്ബനിക്ക് എങ്ങിനെ ഇത്ര വലിയ വായ്പ ലഭിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ കമ്ബനികളിലെല്ലാം അമിത് ഷായ്ക്കുള്ള പങ്കാളിത്തം മറച്ചു വെച്ചാണ് 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പട്ടിക നല്‍കിയത്.

നിരവ് മോദി, മെഹുല്‍ ചോക്‌സി, അടക്കമുള്ളവര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ തട്ടിച്ചതും ഇതുപോലെ കമ്ബനികളുടെ ലാഭകണക്കുകള്‍ പെരുപ്പിച്ച്‌ കാണിച്ചാണ്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സാാമ്ബത്തിക തിരിമറികളിലെല്ലാം അമിത് ഷായ്ക്കു കൂടി പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *