മഴക്കെടുതി : പ്രളയാനന്തര ശുചീകരണത്തിന് കര്‍മപദ്ധതി തയ്യാറാക്കുക; ധനമന്ത്രി

ആലപ്പുഴ: കുട്ടനാടന്‍ പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രളയാനന്തര കടമകളില്‍ വ്യാപൃതരാകണമെന്നും ശുചീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുതിയൊരു കുട്ടനാടന്‍ മാതൃക സൃഷ്ടിക്കണമെന്നും ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.

രണ്ടു ദിവസമെങ്കിലും വീടുകളില്‍ വെള്ളം കയറി ക്യാമ്ബുകളില്‍ താമസിച്ചവര്‍ക്ക് നല്‍കിവന്ന 3800 രൂപയുടെ സഹായധനം 10000 രൂപയാക്കി. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടു മാത്രം പോയവര്‍ക്ക് നാലു ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതായും പണമില്ലായ്മ ഒന്നിനും തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എസ്.ഡി.വി.സെന്റിനറി ഹാളില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയക്കെടുതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിലെയും പറമ്ബിലെയും ചെളി നീക്കം ചെയ്യുകയെന്നതാണ് ആദ്യവെല്ലുവിളി. പഞ്ചായത്തുതലത്തില്‍ ഇത് നിക്ഷേപിക്കാന്‍ സ്ഥലം കണ്ടെത്തണം. വീട്, പൊതുസ്ഥലം എന്നിവടങ്ങളിലെ ചെളി അടുത്ത 25നകം നീക്കം ചെയ്യാനാകും വിധം കര്‍മപദ്ധതിക്ക് ഇന്ന് ഓരോ സ്ഥാപനവും രൂപം നല്‍കണം. സന്നദ്ധപ്രവര്‍ത്തനത്തിനൊപ്പം കഴിയാവുന്ന സ്ഥലങ്ങളില്‍ കയര്‍ഭൂവസ്ത്രമുപയോഗിച്ച്‌ സംരക്ഷണം തീര്‍ക്കാന്‍ തൊഴിലുറപ്പ് പദ്ധതിയേയും ഉപയോഗിപ്പെടുത്താനാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒഴുകിവരുന്ന പ്ലാസ്റ്റിക്കും കുട്ടനാട്ടില്‍ ഇപ്പോള്‍ തന്നെ കുടിവെള്ളവും മറ്റുമായി നല്‍കിയിട്ടുള്ള പ്ലാസ്റ്റിക് കുപ്പികളും അടിയന്തരമായി ശേഖരിക്കുകയാണ് മറ്റൊരു വെല്ലുവിളി. ഇതിനായി ഒരു ഏകദിന ശുചീകരണയജ്ഞം സംഘടിപ്പിക്കണം. അയല്‍ക്കൂട്ടങ്ങളുടെ സഹകരണത്തോടെ വീടുകളുടെ ശുചീകരണവും ഈ മാതൃകയില്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കുടിവെള്ളം ശുചീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ഒന്ന്. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. കഴിയാവുന്നത്ര സ്ഥലങ്ങളില്‍ മഴവെള്ളം സംഭരിക്കാന്‍ സംവിധാനമുണ്ടാക്കണം. വീടുകളില്‍ ഇതിന് കഴിയാത്തവര്‍ക്ക് ആവശ്യമായ സഹായം ചെയ്യാനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ ഒരു കൂട്ടായ്മയിലൂടെയാണ് പ്രളയബാധിത പ്രദേശങ്ങളില്‍ ആരോഗ്യസംവിധാനം മികച്ച നിലയില്‍ പ്രവര്‍ത്തിച്ചത്. ഇനിയും ഈ കൂട്ടായ്മ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ് വരുന്നത്. ആശ പ്രവര്‍ത്തകര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ വിശദമായ ഒരു വിവരശേഖരണം നടത്തണം. കേരളത്തില്‍ എവിടെ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും സേവനം ഇതിനായി ഉപയോഗിക്കാം. നിപയെ പ്രതിരോധിച്ച പോലെ പ്രളയാനന്തര ആരോഗ്യപ്രശ്നങ്ങളെയും ഈ കൂട്ടായ്മയിലൂടെ നേരിടാനാകുമെന്നും ഇക്കാര്യത്തില്‍ തദ്ദേശഭരസ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ആലപ്പുഴ ജില്ല പഞ്ചായത്ത് വികസന സമതി അധ്യക്ഷന്‍ കെ. കെ അശോകന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്ബാടി, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, ആലപ്പുഴ എ.ഡി.എം. ഐ.അബ്ദുള്‍ സലാം, അടൂര്‍ ആര്‍.ഡി.ഒ. റഹിം, അമ്ബലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *