മലപ്പുറം: പ്രളയ ദുരിതത്തെ മനക്കരുത്തും ഒരുമയും കൊണ്ട് മറികടക്കുകയാണ് മലയാളികള്‍. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ദുരിതാശ്വാസ ആവശ്യത്തിന് വേണ്ടി പിരിവുകള്‍ നടത്തുകയാണ് നാട് തോറും. പിരിവുകളുമായി സഹകരിക്കരുതെന്ന പിന്തിരിപ്പന്‍ പ്രചാരണങ്ങളും സജീവമാണ്.
ഇതിനിടെയാണ് മലപ്പുറത്തെ ഒരു വീട്ടമ്മ വ്യത്യസ്തമായ മാതൃകയായത്. ദുരിതാശ്വാസ ക്യാമ്ബിലുള്ളവര്‍ക്ക് സഹായം തേടിയെത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ. അങ്ങാടിപ്പുറം മേച്ചേരിപ്പറമ്ബിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കമ്മല്‍ നല്‍കിയത്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ പിരിവിലേക്കാണ് ഇവരുടെ സംഭാവന.
സമൂഹമാധ്യമങ്ങളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ പ്രചാരണം ശക്തമാണ്. എന്നാല്‍ മറിച്ചുള്ള പ്രചാരണവുമുണ്ട്. ഈ രണ്ട് പ്രചാരണങ്ങളും വ്യാപകമായി തുടരവെയാണ് അങ്ങാടിപ്പുറത്തെ വീട്ടമ്മയുടെ ഉദാര സംഭാവന ശ്രദ്ധേയമായത്. ഇത്തരത്തില്‍ ആയിരങ്ങളാണ് അതിജീവനം തേടുന്നവരെ സഹായിക്കാന്‍ അകമഴിഞ്ഞ് സഹായിക്കുന്നത്.
20000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. നഷ്ടത്തിന്റെ തോത് ഇനിയും ഉയരാനാണ് സാധ്യത. ചെറുതും വലുതുമായ സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ നിന്നും വന്‍തോതില്‍ സഹായം ലഭിക്കുന്നുണ്ട്. യുഎഇ, ഖത്തര്‍ ഭരണകൂടത്തിന് പുറമെ, ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവും സഹായവുമായി രംഗത്തുണ്ട്.
