ചെന്നൈ: നരേന്ദ്ര മോദിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെതിരെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് മോദി സര്‍ക്കാരിനെതിരെ സ്റ്റാലിന് ആഞ്ഞടിച്ചത്. എല്ലാത്തിലും വര്‍ഗീയ നിറം കലര്‍ത്തുന്നവരെ എതിര്‍ക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുകയാണ് അവരെന്നും സ്റ്റാലിന് പറഞ്ഞു. സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് വേണം. അത് സംരക്ഷിക്കാനായി ഡിഎംകെ പ്രവര്‍ത്തകര്‍ അണിചേരണമെന്നും സ്റ്റാലിന് ആഹ്വാനം ചെയ്തു.
ഈ നിമിഷം മുതല്‍ ഞാന്‍ പുനര്ജന്മം നേടിയിരിക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയസാഹചര്യം വെല്ലുവിളി നേരിടുകയാണ്. വിദ്യാഭ്യാസവും കലയും സാഹിത്യവും മതവും എല്ലാം മതവര്‍ഗീയ ശക്തികള്‍ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുയാണ്, ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ പോലും അസ്ഥിരപ്പെടുത്തുകയാണെന്നും സ്റ്റാലിന് പറഞ്ഞു.
പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ നയിച്ച കരുണാനിധിയുടെ ദേഹവിയോഗത്തെത്തുടര്ന്നാണ് അറുപത്തിയഞ്ചുകാരനായ സ്റ്റാലിന് നേതൃസ്ഥാനത്തേക്ക് വരുന്നത്. സ്റ്റാലിന്റെ സ്ഥാനലബ്ധിയെ മൂത്ത സഹോദരന് എം.കെ. അഴഗിരി മാത്രമാണ് എതിര്‍ത്തത്. കരുണാനിധിയുടെ യഥാര്‍ഥ അനുയായികള്‍ തനിക്കൊപ്പമായിരുന്നു അഴഗിരിയുടെ അവകാശവാദം.
കരുണാനിധിയുടെ ഇളയമകനായ സ്റ്റാലിന് ഡിഎംകെ ട്രഷറര്‍, യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. സ്കൂള്‍ പഠനകാലത്ത്, 1964 മുതല്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനാണ്. 1984 ല്‍ യുവജനവിഭാഗം സെക്രട്ടറിയായി. 2003 ല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തി. 1989 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2009 ല്‍ ഉപമുഖ്യമന്ത്രിപദവിയിലുമെത്തി.
