ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടിന്റെ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്ക് പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോട്ടുനിരോധനം ഉപകരിച്ചത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ചില കോര്‍പ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാന്‍ വേണ്ടി മോദി തട്ടിക്കൂട്ടിയ പരിപാടിയാണ് നോട്ടുനിരോധനം. ഇക്കാലയളവില്‍ മോദിയുടെ സുഹൃത്തുക്കള്‍ തങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തു. രാജ്യത്തെ സാമ്ബത്തിക സ്ഥിതി തകര്‍ത്തതില്‍ മോദി ഇന്ത്യയിലെ യുവാക്കളോട് മാപ്പ് പറയണം. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞു. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതായെന്നും രാഹുല്‍ ആരോപിച്ചു. സത്യം പറയുന്നതിന്റെ പേരില്‍ അനില്‍ അംബാനിക്ക് എത്ര തവണ വേണമെങ്കിലും മാനനഷ്ടക്കേസ് കൊടുക്കാം.
എന്നാല്‍ സത്യത്തെ മൂടിവയ്ക്കാനാകില്ല. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ബാങ്ക് നോട്ടുനിരോധന സമയത്ത് 745 കോടിരൂപയുടെ അസാധുനോട്ടുകള്‍ മാറിയെടുത്തതിനെയും രാഹുല്‍ ചോദ്യം ചെയ്തു. 70 വര്‍ഷത്തിനിടയില്‍ ആരും ചെയ്യാന്‍ മടിച്ച കാര്യമാണ് താന്‍ നടപ്പിലാക്കിയതെന്ന മോദിയുടെ വാദം ശരിയാണ്. ഇക്കാര്യത്തില്‍ മോദി രാജ്യത്തോട് ഉത്തരം പറയേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.
