ഒരു മാസത്തെ ശമ്ബളം പിടിക്കും, നല്‍കാന്‍ കഴിയാത്തവര്‍ എഴുതി നല്‍കണം: തോമസ് ഐസക്

അതിജീവനത്തിന്റെ നാളുകളാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും അത് നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ അക്കാര്യം എഴുതി നല്‍കണമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

നേരത്തേ മുഖ്യമന്ത്രി സാലറി ചാലഞ്ചിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരുമാസത്തെ ശമ്ബളം നല്‍കാന്‍ സാധിക്കാത്തവര്‍ എഴുതി നല്‍കണമെന്നും എഴുതി നല്‍കാത്തവരില്‍ നിന്നു ശമ്ബളം പിടിക്കുമെന്നും സര്‍വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തോമസ് ഐസക് അറിയിച്ചു.

എന്നാല്‍, ഇക്കാര്യത്തില്‍ ജീവനക്കാരോടു സന്നദ്ധത ചോദിച്ചശേഷം അവര്‍ക്കിഷ്ടമുള്ള തുക ഈടാക്കണമെന്ന നിലപാടാണ് യുഡിഎഫ് സംഘടനകളുടേത്. ഒരു മാസത്തെ ശമ്ബളം നല്‍കുന്നില്ലെങ്കില്‍ വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നു ഫെറ്റോ സംഘടനകളും വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാര്‍ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയില്‍പെടുത്താമെന്നും തോമസ് ഐസക് വ്യക്തമാക്കി. ജീവനക്കാരില്‍ പലരും പ്രളയദുരന്തത്തില്‍പെട്ടവരാണെന്നും അവരില്‍നിന്ന് ഇനിയും പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *