വയനാടിന്റെ സ്വന്തം കെ.സി.ജംഷാദ് ഇനി മികച്ച ഫുട്ബോള്‍ താരവും പരിശീലകനും മാത്രമല്ല മികച്ച കോളേജ് കായികാധ്യാപകനും കൂടിയായിരിക്കും

ഇഷ്ട്ടപ്പെട്ട മേഖലയില്‍ ജോലി ലഭിക്കുക എന്നത് സര്‍വ്വരുടെയും ആഗ്രഹമാണ് എന്നാല്‍ അത് ഗസറ്റഡ് ഒഫീസറായി തന്നെ വേണം എന്നത് അത്യാഗ്രഹമല്ലേ!?
എങ്കില്‍ വയനാട് നെടുങ്കരണയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മകനായി ജനിച്ച ജംഷാദിനെ സംബന്ധിച്ച്‌ അത് അര്‍ഹതയുള്ളവനെ തേടി വന്ന അംഗീകാരം മാത്രമാണ്.
അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന സാക്ഷാല്‍ ഐ.എം വിജയന്‍ കായിക താരങ്ങള്‍ തങ്ങളുടെ സ്പോര്‍ട്സ് കരിയറിനൊപ്പം വിദ്യാഭ്യാത്തിനും പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത വേണ്ടത്ര വിദ്യാഭ്യാസം നേടാതെ പോയതിനാല്‍ തനിയ്ക്കിന്ന് കായിക മേഖലയില്‍ പോലും ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന സുവര്‍ണ്ണാവസര നഷ്ടങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് സോഷ്യല്‍ മീഡിയകയിലൂടെ കേരളത്തിലെ യുവ കായിക പ്രതിഭകളെ ഉണര്‍ത്തിയപ്പോള്‍ ഏറെ സന്തോഷിച്ചിട്ടുണ്ടാകുക വയനാട്ടില്‍ നിന്നും ഏറെ പ്രശസ്തനായ ഫുട്ബോള്‍ താരവും യുവ പരിശീലകനുമായ ഈ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയായിരിയ്ക്കും.

സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിയ്ക്കെ തന്നെ ഇന്ത്യന്‍ സ്കൂള്‍ ഫുട്ബോള്‍ ടീമിന്റെ ക്യാമ്ബിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് കൊണ്ട് സംസ്ഥാന – ദേശീയ തലങ്ങളില്‍ തന്റെ അസാമാന്യ ഫുട്ബോള്‍ പ്രതിഭ തെളിയിച്ച ജംഷാദ് അക്കാലം മുതലേ മികച്ച വിദ്യാഭ്യാസ നിലവാരവും പുലര്‍ത്തി വന്നിരുന്നു. ബി.കോം ഡിഗ്രിയും കായിക വിദ്യാഭ്യാസത്തില്‍ ബിരുദവും(BPEd) ബിരുദാനന്തര ബിരുദവും (MPEd) പിന്നിട്ട് കായിക വിദ്യാഭ്യാസത്തില്‍ ഗവേഷണത്തില്‍(PhD) ഏര്‍പ്പെട്ടിരിയ്ക്കുന്നതിനിടയിലാണ് ഏറെ ആകര്‍ഷകമായ കോളജ് കായികാധ്യാപക ജോലി ജംഷാദിനെ തേടി എത്തിയിരിയ്ക്കുന്നത്. വയനാട് മാനന്തവാടി ഗവണ്‍മെന്റ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്ന ഗസറ്റഡ് ഓഫീസര്‍ തസ്തികയിലാണ് ജംഷാദിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ നിയമന ഉത്തരവ് ലഭിച്ചിരിയ്ക്കുന്നത്.

ഫുട്ബോളും വിദ്യാഭ്യാസ കാര്യങ്ങളും ഒരേ ആര്‍ജ്ജവത്തോടെ ഒരുമിച്ചു കൊണ്ടു പോയത് കൊണ്ട് മാത്രമാണ് ഫെഡറേഷന്‍ കപ്പ്, ഐ ലീഗ്, സന്തോഷ് ട്രോഫി തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെടുന്ന ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളിലും, അന്തര്‍ സര്‍വ്വകലാശാലാ ടൂര്‍ണ്ണമെന്റുകളിലും എല്ലാം നിറഞ്ഞാടിയ ജംഷാദിനെ തേടി ഈ സൗഭാഗ്യം വന്നെത്തിയത് എന്ന് ജംഷാദിന്റെ സമകാലീനരായ കായിക താരങ്ങള്‍ക്കും കായിക താരങ്ങളെ നിരീക്ഷിയ്ക്കുന്നവര്‍ക്കുമറിയാം. ജംഷാദ് കളിച്ചിട്ടുള്ള ഓരോ ടൂര്‍ണ്ണമെന്റുകളിലെയും മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ റയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നാലഞ്ച് വര്‍ഷം മുമ്ബു തന്നെ ജംഷാദിന് ഡയരക്‌ട് സ്പോര്‍ട്സ് നിയമനം ലഭിച്ചതാണ് എന്നാല്‍ ആ സമയത്തെ നിയമനങ്ങളെല്ലാം തന്റെ തുടര്‍ പഠനത്തിന് ബ്രേക്കിടും എന്ന ചിന്തയാല്‍ ആ അവസരങ്ങളെല്ലാം തല്‍ക്കാലം ഉപേക്ഷിച്ച ജംഷാദ് ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം പി.എസ്.സി പരീക്ഷയിലൂടെ കേരളാ പോലീസില്‍ ലഭിച്ച നിയമനം സ്വീകരിച്ചു.

എന്നാല്‍ അതിലും എത്രയോ അപ്പുറത്താണ് തന്റെ പ്രതിഭയ്ക്കൊത്ത മേഖല കിടയ്ക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടെ പോലീസ് സര്‍വ്വീസില്‍ നിന്നും വിദ്യാഭ്യാസാവശ്യാര്‍ത്ഥം അവധിയെടുത്ത് കൊണ്ട് നേരത്തെ തന്നെ തനിയ്ക്ക് യു.ജി.സി നെറ്റ് പരീക്ഷ വഴി ലഭിച്ച ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പോടെ (JRF) പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സില്‍ മുഴുസമയ ഗവേഷണം (Ph.D) നടത്തി വരുന്നതിനിടയിലാണ് ജംഷാദിനെ തേടി താന്‍ ഏറെ ആഗ്രഹിച്ച ഈ പുതിയ സര്‍ക്കാര്‍ നിയമന ഉത്തരവ് വന്നിരിയ്ക്കുന്നത്.

സ്കൂള്‍ പഠന കാലത്ത് വയനാട് യുണൈറ്റഡ് ഫുട്ബോള്‍ അക്കാദമിയില്‍ നിന്ന് കോച്ച്‌ ഫൈസലില്‍ നിന്ന് ലഭിച്ച ഫുട്ബോള്‍ ബാല പാഠങ്ങളും, കോളജ് പoന കാലത്ത് മുട്ടില്‍ ഡബ്ലു.എം.ഒ കോളജിലെ കായികാധ്യാപകന്‍ കെ.അബിന്‍, കോച്ച്‌ വിനോയ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ തന്റെ കായികാധ്യാപകനും പരിശീലകനുമായിരുന്ന ഡോ. എ. പ്രവീണ്‍ എന്നിവരില്‍ നിന്നു ലഭിച്ച മികച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങളും പരിശീലനവുമാണ് ഈ പ്രതിഭയെ താനാഗ്രഹിച്ചതും ഭാവി തലമുറയിലെ കായിക താരങ്ങള്‍ക്ക് ഏറെ പ്രയോജനവും പ്രചോദനവും നല്‍കുന്ന സ്ഥാനത്തെത്തിച്ചിരിയ്ക്കുന്നത്.

അധ്യാപകനായും പരിശീലകനായും ജംഷാദ് വരുന്നതോടെ യൂണിവേഴ്സിറ്റി തലത്തിലെത്തുന്ന കായിക താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ജംഷാദിന്റെ സേവനം ഏറെ പ്രയോജനപ്പെടും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വസ്തുതയാണ് കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ അന്തര്‍ സര്‍വ്വകലാശാലാ വനിതാ ഫുട്ബോളില്‍ രണ്ടാം സ്ഥാനക്കാരായിക്കൊണ്ട് ചരിത്രത്തിലാദ്യമായി കാലിക്കറ്റ് സര്‍വ്വകലാശാല അഖിലേന്ത്യാ സര്‍വ്വകലാശാലാ ചാമ്ബ്യന്‍ഷിപ്പിന് യോഗ്യത നേടിയപ്പോള്‍ കാലിക്കറ്റിന്റെ പരിശീലകന്‍ ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (AIFF) D ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ
(AFC) C, B എന്നീ കോച്ചിംഗ് ലൈസന്‍സ് കോഴ്സുകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ജംഷാദായിരുന്നു എന്നത്..

നിലവില്‍ വയനാട് എ. ആര്‍ ക്യാമ്ബില്‍ സിവില്‍ പോലീസ് തസ്തികയില്‍ നിന്ന് പി.എച്ച്‌.ഡി പഠനാവശ്യാര്‍ത്ഥം എടുത്ത അവധിയിലുളള ജംഷാദ് പി.എച്ച്‌.ഡി. പൂര്‍ത്തിയാക്കി ഡോക്‌ട്ടറേറ്റോടെയായിരിയ്ക്കും താന്‍ ഏറെ കൊതിച്ച പുതിയ ജോലി സ്വീകരിയ്ക്കുക.

കെ.സി. യാഹു – സഫിയ ദമ്ബതികളുടെ മകനാണ് മുപ്പതുകാരനായ ജംഷാദ് ഭാര്യ ഷഹല, മകള്‍ മിനാല്‍ ഫാത്തിമ സഹോദരങ്ങള്‍ ജംഷീര്‍, ജംഷീന.

Leave a Reply

Your email address will not be published. Required fields are marked *