നിലയ്ക്കല്‍ – പമ്ബ റൂട്ടിലെ ചാര്‍ജ് വര്‍ദ്ധന കുറയ്ക്കില്ലെന്ന് തച്ചങ്കരി

നിലയ്ക്കല്‍ – പമ്ബ റൂട്ടിലെ ടിക്കറ്റ് ചാര്‍ജ്ജ് 40 രൂപയാക്കിയത് നിരക്ക് ദേദഗതി നിശ്ചയിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമപരമായാണെന്നും നിലവിലെ സാമ്ബത്തിക പ്രതിസന്ധിയുടെയും ഇന്ധനച്ചെലവിന്റേയും സാഹചര്യത്തില്‍ കുറയ്ക്കാനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ.തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

40 രൂപ നിരക്കാണ് ചീഫ് ഓഫീസില്‍ നിന്ന് നിശ്ചയിച്ച്‌ നല്‍കിയത്. അത് രാവിലെ 31 ആയി കുറക്കുകയും പിന്നീട് 40 ആക്കിയും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആരെങ്കലും മന:പൂര്‍വം ശ്രമിച്ചോ എന്ന കാര്യം പരിശോധിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിനകത്ത് നിലവില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൈകടത്തല്‍ സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് കുറയ്ക്കണണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുന്ന വരുമാനനഷ്ടത്തിന് തുല്യമായ തുക സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ നല്‍കണം. നിലയ്ക്കല്‍ – പമ്ബ പാത കെ.എസ്.ആര്‍.ടി.സിക്ക് മാത്രം അവകാശപ്പെട്ട ദേശസാല്‍കൃത റൂട്ടാണ്. അത് ഒഴിവാക്കണമെങ്കില്‍ നിയമപരമായ നിരവധി നടപടിക്രമങ്ങളുണ്ട്. സ്വപ്നത്തില്‍ പോലും കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കി പമ്ബ സര്‍വീസ് നടത്തുന്ന കാര്യം ആലോചിക്കാനാവില്ല. 2017 സെപ്തംബറില്‍ പമ്ബ – നിലയ്ക്കല്‍ ചാര്‍ജ്ജ് 31 രൂപയായിരുന്നു. 2018 ഏപ്രില്‍ മുതലാണ് പുതിയ നിര്‍ദേശ പ്രകാരമുള്ള ബസ് ചാര്‍ജ്ജ് വര്‍ധന നിലവില്‍ വന്നത്. അതിന് ശേഷം ഇപ്പോഴാണ് നിലയ്ക്കല്‍ – പമ്ബ സര്‍വീസ് നടത്താനായതും ഇപ്പോള്‍ പുതിയ നിരക്ക് നിലവില്‍ വന്നതും. നിര്‍ദേശ പ്രകാരം 41 രൂപയായിരുന്നത് റൗണ്ട് ചെയ്ത 40 രൂപയായി കുറയ്ക്കുകയായിരുന്നു. വസ്തുത ഇതായിരിക്കെ ചില തത്പര കക്ഷികളാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് എം.ഡി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി പറയുന്ന കണക്കുകള്‍ ഇങ്ങനെ:

നിലയ്ക്കല്‍ പമ്ബ ദൂരം: 21.5 കി.മീ
മിനിമം തുക: 10 രൂപ (ആദ്യ അഞ്ച് കിലോ മീറ്റിന്)
മിനിമം നിരക്കിന് ശേഷമുള്ള ദൂരം: 17.5 കി.മീ (22.5 – 5 =17.5)
17.5 കിലോമീറ്ററിന് (80 പൈസ): 14 രൂപ
ഗാട്ട്‌ റോഡ് ഫെയര്‍ (25 ശതമാനം): ഒമ്ബത് രൂപ
ഫെസ്റ്റിവല്‍ ഫെയര്‍ (30 ശതമാനം): ഒമ്ബത് രൂപ
സെസ്: രണ്ട് രൂപ
ആകെ: 41 രൂപ

Leave a Reply

Your email address will not be published. Required fields are marked *