ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വിദേശികള്‍ക്ക് പണം കൈമാറാനുള്ള ഏജന്‍റുമാരായി പ്രവര്‍ത്തച്ച രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി പോലീസ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ ചിറ്റോർഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂർ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരാണ് അറസ്റ്റിലായത്.
വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 വയസ്സ്), ലാങ്ജി കിലിയന്‍ കെങ് (27 വയസ്സ്) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിൽ ഇത്തരം കേസുകളില്‍ പണം സ്വീകരിക്കുന്നതിന് ഏജന്‍റുമാര്‍ ആയി പ്രവർത്തിക്കുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍.
രണ്ട് മാസം മുമ്പ് മുകേഷ് ചിപ്പയെ പിടികൂടാൻ മഞ്ചേരി പോലീസ് രാജസ്ഥാനിൽ എത്തിയിരുന്നു. അന്ന് പോലീസ് സാന്നിദ്ധ്യം മനസ്സിലായ പ്രതി ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും മറ്റും നിരന്തരം നിരീക്ഷണം നടത്തിയതിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും രാജസ്ഥാനിൽ എത്തിയ പോലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തി ചിറ്റോർഗഡ് ജില്ലാ കോടതി പരിസരത്ത് വെച്ചാണ് മുകേഷ് ചിപ്പയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരപ്രകാരം സന്ദീപ് മൊഹീന്ദ്രയെ സമീപപ്രദേശമായ ചിറ്റോര്‍ഗഡ് ചന്ദേരിയയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
തട്ടിപ്പിന്‍റെ വഴികള്‍
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉത്പന്നങ്ങള്‍ വില്പനക്കെന്ന പേരില്‍ പരസ്യം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്.
ഇവരുടെ വെബ്സൈറ്റില്‍ ആരെങ്കിലും ഉത്പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്ക് മെസേജ് ലഭിക്കുകയും ഇവര്‍ ഇമെയില്‍ മുഖാന്തിരമോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖാന്തിരമോ ഇരകളെ ബന്ധപ്പെടും
ഇര ഉത്പന്നം വാങ്ങാന്‍ തയ്യാറാണെന്ന് തോന്നിയാല്‍ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും
പിന്നീട് ഉത്പന്നത്തിന്‍റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും
പണം അടവാക്കിയാല്‍ ഇര വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നം കൊറിയര്‍ ചെയ്തതായും അതിന്‍റെ കണ്‍സൈന്‍മെന്‍റ് നമ്പര്‍ ഇന്നതാണെന്നും കാണിച്ച് മെസേജ് അയക്കും.
പ്രതികള്‍ തന്നെ വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെന്‍റ് നമ്പര്‍ ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ ഇത് പരിശോധിക്കുന്ന ഇരക്ക് കൂടുതല്‍ വിശ്വാസം തോന്നും
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിംഗ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും
ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ അനധികൃതമായി വരുന്ന പണം കമ്മീഷൻ വ്യവസ്ഥയിൽ ഇടപാടുകാർക്ക് എത്തിക്കുന്ന സംഘമാണ് രാജസ്ഥാനിൽ നിന്നും അറസ്റ്റിൽ ആയത്. ഇതിനായി വ്യാജമായ രേഖകളും മറ്റും ഹാജരാക്കി തയ്യാറാക്കിയ നിരവധി ബാങ്ക് അക്കൌണ്ടുകള്‍ ഇവരുടെ പക്കല്‍ ഉണ്ടാവും.
9% കമ്മീഷനാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാത്രം ഇരുപത് ലക്ഷത്തിലധികം രൂപ കമ്മീഷന്‍ ഇനത്തില്‍ മാത്രം ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. അതായത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാത്രം ഇവര്‍ നടത്തിയ തട്ടിപ്പ് പതിനെട്ട് കോടിയിലധികം വരും.
കേസിനാസ്പദമായ സംഭവം
മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
പ്രതികളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ATM കാർഡുകൾ, മറ്റ് രേഖകൾ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്.
ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഗോവ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിക്കുന്ന കുറ്റവാളികളാണ് ഇവർ.
കൂടുതൽ ചോദ്യം ചെയ്ത് മറ്റ് കേസുകൾ സംബന്ധിച്ച് നടപടി സ്വീകരിക്കും.
സമാനമായ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ ഇവർ മുഖേന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം DySP ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി. ഷൈജു, എസ്ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, ടി.പി. മധുസൂദനൻ, ഹരിലാൽ അക്കരത്തൊടി എന്നിവരാണ് രാജസ്ഥാനിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കും.
