ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇപ്പോള്‍ പല കേന്ദ്രങ്ങളിലും പ്രചരിക്കുന്നതുപോലെയുള്ള ഭയാനകമായ സാഹചര്യം ഇല്ലെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. വിധിയുടെ പിന്തുണയില്‍ ശബരിമലയിലേക്ക് വലിയതോതില്‍ ഭക്തകള്‍ എത്തുമെന്ന് കരുതുന്നില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സാഹചര്യവും അറിയാവുന്നവരാവും അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുക. അങ്ങനെ വരുന്നവര്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികാരികള്‍ നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
വലിയതോതില്‍ സ്ത്രീകള്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തില്ലെന്നാണ് സര്‍ക്കാരും കരുതുന്നതെന്നും എന്നാലും വരുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊടുക്കണമെന്നും മുഖ്യമന്ത്രി ബോര്‍ഡ് അധികാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രിംകോടതി വിധി കണക്കിലെടുത്ത് എന്തൊക്കെ സംവിധാനങ്ങള്‍ ശബരിമലയിലെത്തുന്നവര്‍ക്കായി ഒരുക്കാമെന്നതിനെപ്പറ്റി ഇന്നു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം ദേവസ്വം പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
