കൊച്ചി: സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ബ്രൂവറികള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ബ്രൂവറി അനുവദിച്ചതില്‍ അഴിമതി ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മലയാള വേദിയാണ് കോടതിയെ സമീപിച്ചത്. ബ്രൂവറികള്‍ സംബന്ധിച്ച് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രാഥമിക അനുമതിയാണ് ഇപ്പോള്‍ നല്‍കിയത്. മദ്യ നിര്‍മാണ ശാലകള്‍ തുടങ്ങാന്‍ താല്പര്യം ഉള്ളവരുടെ അഞ്ച് അപേക്ഷകള്‍ ആണ് ലഭിച്ചത്. അതുപരിഗണിച്ചാണ് എക്സൈസ് കമ്മീഷണര്‍ പ്രാഥമിക അനുമതി നല്‍കിയത്. അന്തിമ അനുമതി വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ നല്‍കുകയുള്ളു. മദ്യ നിര്‍മാണ ശാലകള്‍ അനുവദിക്കരുത് എന്നതു സര്‍ക്കാര്‍ നയം അല്ല.
സംസ്ഥാനത്തു കൂടുതല്‍ മദ്യ നിര്‍മാണ ശാലകള്‍ ആവശ്യമാണ്. നാല്പത് ശതമാനം മദ്യവും പുറത്തു നിന്നാണ് വരുന്നത്. മൂന്നു ബ്രൂവറിക്കും രണ്ട് ഡിസ്ലറിക്കുമാണ് പ്രാഥമിക അനുമതി നല്‍കിയത്. അതില്‍ ഒന്ന് പൊതു മേഖല സ്ഥാപനം ആണ്. പുതിയ മദ്യ നിര്‍മാണ ശാലകള്‍ തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം കൂടുകയും തൊഴില്‍ സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വിശദികരിച്ചു. തുടര്‍ന്ന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
