വയനാട്ടില്‍ ദമ്പതികളും രണ്ട് മക്കളും തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ: വയനാട് തലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിന് സമീപം കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കശുമാവിന്‍കൊമ്ബുകളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച്‌ അന്വേഷിച്ചുവരുന്നതായി തലപ്പുഴ പൊലീസ് അറിയിച്ചു.

ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കാട്ടിമൂല ക്ഷീര സംഘത്തില്‍ ദിവസം 130 ലിറ്റര്‍ പാല്‍ അളക്കുന്നുണ്ട്. കര്‍ണാടകകുടകില്‍ വാഴകൃഷിയും ഉണ്ട്. എട്ട് ലക്ഷത്തോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ രാവിലെ പിലാക്കാവിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വിനോദും കുടുംബവും സന്ദര്‍ശനത്തിനായി പോവുകയായിരുന്നു. രാത്രി തന്നെ മടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടില്‍ താമസിക്കുന്ന വിനോദിന്റെ അച്ഛനും അമ്മയും ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ തിരിച്ചുവരുന്നതായും കണിയാരത്ത് എത്തിയതായും അറിയിച്ചു.

എന്നാല്‍ പിന്നെയും കാണാതിരുന്നതിനാല്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിനായില്ല. നാട്ടില്‍ ചിലരും ഇവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും മഴ കാരണം കൂടുതല്‍ അന്വേഷിക്കാനായില്ല. രാവിലെ അയല്‍വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ഒരു കശുമാവില്‍ തന്നെയായിരുന്നു മൃതദേഹങ്ങള്‍.

ഡിവൈ.എസ്.പി ഉള്‍പ്പെടെ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പഞ്ചായത്ത് അംഗം പി. അനിഷ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. അഭിനവ് മുതിരേരി സര്‍വ്വോദയം യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *